യോഹന്നാൻ 1:19-28

യോഹന്നാൻ 1:19-28 MALOVBSI

നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിനു യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു; ഞാൻ ക്രിസ്തുവല്ല എന്ന് ഏറ്റുപറഞ്ഞു. പിന്നെ എന്ത്? നീ ഏലീയാവോ എന്ന് അവനോടു ചോദിച്ചതിന്: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്: അല്ല എന്ന് അവൻ ഉത്തരം പറഞ്ഞു. അവർ അവനോട്: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറയേണ്ടതിനു നീ നിന്നെക്കുറിച്ചുതന്നെ എന്തു പറയുന്നു എന്നു ചോദിച്ചു. അതിന് അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരേ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു. അയയ്ക്കപ്പെട്ടവർ പരീശന്മാരുടെ കൂട്ടത്തിലുള്ളവർ ആയിരുന്നു. എന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നത് എന്ത് എന്ന് അവർ ചോദിച്ചു. അതിനു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ട്; എന്റെ പിന്നാലെ വരുന്നവൻതന്നെ; അവന്റെ ചെരിപ്പിന്റെ വാറ് അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്ന് ഉത്തരം പറഞ്ഞു. ഇതു യോർദ്ദാനക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു.