യിരെമ്യാവ് 49:12-18

യിരെമ്യാവ് 49:12-18 MALOVBSI

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പാനപാത്രം കുടിപ്പാൻ അർഹതയില്ലാത്തവർ കുടിക്കേണ്ടിവന്നു; പിന്നെ നിനക്കു ശിക്ഷവരാതെ പോകുമോ? നിനക്കു ശിക്ഷവരാതെ പോകയില്ല; നീയും കുടിക്കേണ്ടിവരും. ബൊസ്രാ സ്തംഭനവും നിന്ദയും ശൂന്യവും ശാപവുമായി ഭവിക്കും; അതിന്റെ എല്ലാ പട്ടണങ്ങളും നിത്യശൂന്യങ്ങളായിത്തീരും എന്നു ഞാൻ എന്നെക്കൊണ്ടു തന്നെ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. നിങ്ങൾ ഒരുമിച്ചുകൂടി അതിന്റെ നേരേ ചെല്ലുവിൻ; യുദ്ധത്തിനായി എഴുന്നേല്പിൻ! എന്നിങ്ങനെ വിളിച്ചുപറവാൻ ഒരു ദൂതനെ ജാതികളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നൊരു വർത്തമാനം ഞാൻ യഹോവയിങ്കൽനിന്നു കേട്ടു. ഞാൻ നിന്നെ ജാതികളുടെ ഇടയിൽ ചെറിയവനും മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും. പാറപ്പിളർപ്പുകളിൽ പാർത്തു കുന്നുകളുടെ മുകൾ പിടിച്ചുകൊണ്ടിരിക്കുന്നവനേ, നിന്റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്റെ കൂട് ഉയരത്തിൽവച്ചാലും അവിടെനിന്ന് ഞാൻ നിന്നെ താഴെ ഇറങ്ങുമാറാക്കും എന്നു യഹോവയുടെ അരുളപ്പാട്. എദോം സ്തംഭനവിഷയമായിത്തീരും; അതിനരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ച് അതിന്റെ സകല ബാധകളും നിമിത്തം ചൂളകുത്തും. സൊദോമിന്റെയും ഗൊമോറായുടെയും അവയുടെ അയൽപട്ടണങ്ങളുടെയും ഉന്മൂലനാശശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.