അതിന്റെശേഷം സിദെക്കീയാരാജാവ് ആളയച്ചു യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി; രാജാവ് യിരെമ്യാവോട്: ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കുന്നു; എന്നോട് ഒന്നും മറച്ചുവയ്ക്കരുത് എന്നു കല്പിച്ചു. അതിനു യിരെമ്യാവ് സിദെക്കീയാവോട്: ഞാൻ അതു ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരു ആലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കയില്ലല്ലോ എന്നു പറഞ്ഞു. സിദെക്കീയാരാജാവ്: ഈ പ്രാണനെ സൃഷ്‍ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കൈയിൽ ഞാൻ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യം ചെയ്തു. എന്നാറെ യിരെമ്യാവ് സിദെക്കീയാവോട്: യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വച്ചു ചുട്ടുകളകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും. നീ ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലാഞ്ഞാലോ ഈ നഗരം കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീ വച്ചു ചുട്ടുകളയും; നീ അവരുടെ കൈയിൽനിന്നു തെറ്റിയൊഴികയുമില്ല എന്നു പറഞ്ഞു. സിദെക്കീയാരാജാവ് യിരെമ്യാവോട്: കല്ദയർ എന്നെ അവരുടെ പക്ഷം ചേർന്നിരിക്കുന്ന യെഹൂദന്മാരുടെ കൈയിൽ ഏല്പിക്കയും അവർ എന്നെ അപമാനിക്കയും ചെയ്യുമെന്നു ഞാൻ ഭയപ്പെടുന്നു എന്നു പറഞ്ഞു. അതിനു യിരെമ്യാവ് പറഞ്ഞത്: അവർ നിന്നെ ഏല്പിക്കയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ; എന്നാൽ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും. പുറത്തു ചെല്ലുവാൻ നിനക്കു മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടാവിത്: യെഹൂദാരാജാവിന്റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകല സ്ത്രീകളും പുറത്തു ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്റെ ചങ്ങാതിമാർ നിന്നെ വശീകരിച്ചു തോല്പിച്ചു; നിന്റെ കാൽ ചെളിയിൽ താണപ്പോൾ പിന്മാറിക്കളഞ്ഞു എന്ന് അവർ പറയും. നിന്റെ സകല ഭാര്യമാരെയും മക്കളെയും പുറത്തു കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കൈയിൽനിന്ന് ഒഴിഞ്ഞുപോകാതെ ബാബേൽരാജാവിന്റെ കൈയിൽ അകപ്പെടും; ഈ നഗരത്തെ തീ വച്ചു ചുട്ടുകളയുന്നതിനു നീ ഹേതുവാകും. സിദെക്കീയാവ് യിരെമ്യാവോടു പറഞ്ഞത്: ഈ കാര്യം ആരും അറിയരുത്: എന്നാൽ നീ മരിക്കയില്ല. ഞാൻ നിന്നോടു സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ടു നിന്റെ അടുക്കൽ വന്നു: നീ രാജാവിനോട് എന്തു സംസാരിച്ചു? ഞങ്ങളോടു പറക; ഒന്നും മറച്ചുവയ്ക്കരുത്; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; രാജാവ് നിന്നോട് എന്തു സംസാരിച്ചു എന്നിങ്ങനെ ചോദിച്ചാൽ, നീ അവരോട്: യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ എന്നു ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കയായിരുന്നുവെന്നു പറയേണം. സകല പ്രഭുക്കന്മാരും യിരെമ്യാവിന്റെ അടുക്കൽ വന്ന് അവനോടു ചോദിച്ചാറെ അവൻ, രാജാവ് കല്പിച്ച ഈ വാക്കുപോലെയൊക്കെയും അവരോടു പറഞ്ഞു; അങ്ങനെ കാര്യം വെളിവാകാഞ്ഞതുകൊണ്ട് അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി. യെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവ് കാവല്പുരമുറ്റത്തു പാർത്തു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു.
യിരെമ്യാവ് 38 വായിക്കുക
കേൾക്കുക യിരെമ്യാവ് 38
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യിരെമ്യാവ് 38:14-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ