യിരെമ്യാവ് 33:9-14

യിരെമ്യാവ് 33:9-14 MALOVBSI

ഞാൻ അവർക്കു ചെയ്യുന്ന എല്ലാ നന്മയെയുംകുറിച്ചു കേൾക്കുന്ന സകല ഭൂജാതികളുടെയും മുമ്പാകെ അത് എനിക്ക് ആനന്ദനാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാൻ അതിനു വരുത്തുന്ന എല്ലാ നന്മയും നിമിത്തവും സർവസമാധാനവും നിമിത്തവും അവർ പേടിച്ചു വിറയ്ക്കും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും: സൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിൻ, യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളത് എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേൾക്കും; ഞാൻ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകല പട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാർക്ക് ഇനിയും മേച്ചൽപ്പുറം ഉണ്ടാകും. മലനാട്ടിലെ പട്ടണങ്ങളിലും താഴ്‌വീതിയിലെ പട്ടണങ്ങളിലും തെക്കേ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും യെരൂശലേമിന്റെ ചുറ്റുവട്ടത്തിലും യെഹൂദാപട്ടണങ്ങളിലും ആടുകൾ എണ്ണുന്നവന്റെ കൈക്കു കീഴെ ഇനിയും കടന്നുപോകും എന്നു യഹോവ അരുളിച്ചെയ്യുന്നു. ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ല വചനം നിവർത്തിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്.