യിരെമ്യാവ് 31:7-14
യിരെമ്യാവ് 31:7-14 MALOVBSI
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബിനെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിൻ! ജാതികളുടെ തലവനെക്കുറിച്ചു സന്തോഷിച്ച് ആർപ്പിടുവിൻ! ഘോഷിച്ചും സ്തുതിച്ചുംകൊണ്ട്: യഹോവേ, യിസ്രായേലിന്റെ ശേഷിപ്പായിരിക്കുന്ന നിന്റെ ജനത്തെ രക്ഷിക്കേണമേ എന്നു പറവിൻ! ഞാൻ അവരെ വടക്കുദേശത്തുനിന്നു വരുത്തുകയും ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവരെയും അവരോടുകൂടെ കുരുടനെയും മുടന്തനെയും ഗർഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കയും ചെയ്യും; അങ്ങനെ വലിയൊരു സംഘം ഇവിടേക്കു മടങ്ങിവരും. അവർ കരഞ്ഞുംകൊണ്ടു വരും; യാചിക്കുന്നവരായി ഞാൻ അവരെ കൊണ്ടുവരും; അവർ ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയിൽ ഞാൻ അവരെ നീർത്തോടുകൾക്കരികെ നടത്തും; ഞാൻ യിസ്രായേലിനു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ. ജാതികളേ, യഹോവയുടെ വചനം കേൾപ്പിൻ! ദൂരദ്വീപുകളിൽ അതിനെ പ്രസ്താവിപ്പിൻ! യിസ്രായേലിനെ ചിതറിച്ചവൻ അവനെ കൂട്ടിച്ചേർത്തു, ഒരിടയൻ തന്റെ കൂട്ടത്തെ കാക്കുന്നതുപോലെ അവനെ കാക്കും എന്നു പറവിൻ. യഹോവ യാക്കോബിനെ വീണ്ടെടുത്ത് അവനെക്കാൾ ബലവാനായവന്റെ കൈയിൽനിന്ന് അവനെ രക്ഷിച്ചിരിക്കുന്നു. അവർ വന്നു സീയോൻമുകളിൽ കയറി ഘോഷിച്ചുല്ലസിക്കും; ധാന്യം, വീഞ്ഞ്, എണ്ണ, കുഞ്ഞാടുകൾ, കാളക്കുട്ടികൾ എന്നിങ്ങനെയുള്ള യഹോവയുടെ നന്മയിലേക്ക് ഓടിവരും; അവരുടെ പ്രാണൻ നനഞ്ഞിരിക്കുന്ന തോട്ടംപോലെയാകും; അവർ ഇനി ക്ഷീണിച്ചു പോകയുമില്ല. അന്നു കന്യകയും യൗവനക്കാരും വൃദ്ധന്മാരും ഒരുപോലെ നൃത്തം ചെയ്തു സന്തോഷിക്കും; ഞാൻ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാൻ അവരെ ആശ്വസിപ്പിച്ചു സങ്കടം പോക്കി സന്തോഷിപ്പിക്കും. ഞാൻ പുരോഹിതന്മാരുടെ പ്രാണനെ പുഷ്‍ടികൊണ്ടു തണുപ്പിക്കും; എന്റെ ജനം എന്റെ നന്മകൊണ്ടു തൃപ്തിപ്രാപിക്കും എന്നു യഹോവയുടെ അരുളപ്പാട്.

