യിരെമ്യാവ് 3:6-10

യിരെമ്യാവ് 3:6-10 MALOVBSI

യോശീയാരാജാവിന്റെ കാലത്തു യഹോവ എന്നോട് അരുളിച്ചെയ്തത്: വിശ്വാസത്യാഗിനിയായ യിസ്രായേൽ ചെയ്തിരിക്കുന്നതു നീ കണ്ടുവോ? അവൾ ഉയരമുള്ള എല്ലാ മലമുകളിലും എല്ലാ പച്ചമരത്തിൻകീഴിലും ചെന്ന് അവിടെ പരസംഗം ചെയ്തു. ഇതൊക്കെയും ചെയ്തശേഷം അവൾ എന്റെ അടുക്കൽ മടങ്ങിവരും എന്നു ഞാൻ വിചാരിച്ചു; എന്നാൽ അവൾ മടങ്ങിവന്നില്ല; വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി അതു കണ്ടു. വിശ്വാസത്യാഗിനിയായ യിസ്രായേൽ വ്യഭിചാരം ചെയ്ത ഹേതുവാൽ തന്നെ ഞാൻ അവളെ ഉപേക്ഷിച്ച് ഉപേക്ഷണപത്രം കൊടുത്തത് വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്നു പരസംഗം ചെയ്തു. മനോലഘുത്വത്തോടെ ചെയ്ത അവളുടെ പരസംഗം ഹേതുവായി ദേശം മലിനമായിപ്പോയി; കല്ലിനോടും മരത്തോടും അവൾ വ്യഭിചാരം ചെയ്തു. ഇതെല്ലാമായിട്ടും വിശ്വാസപാതകിയായ സഹോദരി യെഹൂദാ കപടമായിട്ടല്ലാതെ പൂർണഹൃദയത്തോടെ എന്റെ അടുക്കലേക്കു മടങ്ങി വന്നിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്.