യിരെമ്യാവ് 22:20-30

യിരെമ്യാവ് 22:20-30 MALOVBSI

ലെബാനോനിൽ കയറിച്ചെന്നു നിലവിളിക്ക; ബാശാനിൽനിന്നു നിന്റെ ശബ്ദം ഉയർത്തുക; അബാരീമിൽനിന്നു നിലവിളിക്ക; നിന്റെ സകല സ്നേഹിതന്മാരും തകർന്നുകിടക്കുന്നുവല്ലോ. നിന്റെ ശുഭകാലത്തു ഞാൻ നിന്നോടു സംസാരിച്ചു; നീയോ: ഞാൻ കേൾക്കയില്ല എന്നു പറഞ്ഞു; എന്റെ വാക്ക് അനുസരിക്കാതിരിക്കുന്നതു ബാല്യംമുതൽ നിനക്കുള്ള ശീലം. നിന്നെ മേയിക്കുന്നവരെയൊക്കെയും കൊടുങ്കാറ്റു മേയിക്കും; നിന്റെ സ്നേഹിതന്മാർ പ്രവാസത്തിലേക്കു പോകും. അപ്പോൾ നീ നിന്റെ സകല ദുഷ്ടതയും നിമിത്തം ലജ്ജിച്ച് അമ്പരന്നു പോകും. ദേവദാരുക്കളിന്മേൽ കൂടുവച്ചു ലെബാനോനിൽ വസിക്കുന്നവളേ, നിനക്കു വ്യസനവും നോവു കിട്ടിയവളെപ്പോലെ വേദനയും ഉണ്ടാകുമ്പോൾ നീ എത്ര ഞരങ്ങും. എന്നാണ, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ കൊന്യാവ് എന്റെ വലംകൈക്ക് ഒരു മുദ്രമോതിരം ആയിരുന്നാലും ഞാൻ നിന്നെ ഊരി എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാട്. ഞാൻ നിന്നെ നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും നീ ഭയപ്പെടുന്നവരുടെ കൈയിലും ഏല്പിക്കും; ബാബേൽ രാജാവായ നെബൂഖദ്നേസരിന്റെ കൈയിലും കല്ദയരുടെ കൈയിലും തന്നെ. ഞാൻ നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങൾ ജനിച്ചതല്ലാത്ത അന്യദേശത്തിലേക്കു തള്ളിക്കളയും; അവിടെവച്ചു നിങ്ങൾ മരിക്കും. അവർ മടങ്ങിവരുവാൻ ആഗ്രഹിക്കുന്ന ദേശത്തേക്ക് അവർ മടങ്ങിവരികയില്ല. കൊന്യാവ് എന്ന ഈ ആൾ, സാരമില്ല എന്നു വച്ച് ഉടച്ചുകളഞ്ഞൊരു കലമോ? ആർക്കും ഇഷ്ടമില്ലാത്ത പാത്രമോ? അവനെയും അവന്റെ സന്തതിയെയും ത്യജിച്ച്, അവർ അറിയാത്ത ദേശത്തേക്കു തള്ളിക്കളവാൻ സംഗതി എന്ത്? ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്ക! ഈ ആളെ മക്കളില്ലാത്തവൻ എന്നും ആയുഷ്കാലത്ത് ഒരിക്കലും ശുഭംവരാത്തവൻ എന്നും എഴുതുവിൻ; ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു യെഹൂദായിൽ വാഴുവാൻ അവന്റെ സന്തതിയിൽ യാതൊരുത്തനും ശുഭം വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.