യിരെമ്യാവ് 20:1-6

യിരെമ്യാവ് 20:1-6 MALOVBSI

എന്നാൽ യിരെമ്യാവ് ഈ കാര്യങ്ങളെ പ്രവചിക്കുന്നത് ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിനു പ്രധാനവിചാരകനുമായ പശ്ഹൂർപുരോഹിതൻ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിനരികെയുള്ള മേലത്തെ ബെന്യാമീൻഗോപുരത്തിങ്കലെ ആമത്തിൽ ഇട്ടു. പിറ്റന്നാൾ പശ്ഹൂർ യിരെമ്യാവെ ആമത്തിൽനിന്നു വിട്ടപ്പോൾ യിരെമ്യാവ് അവനോടു പറഞ്ഞത്: യഹോവ നിനക്കു പശ്ഹൂർ എന്നല്ല, മാഗോർമിസ്സാബീബ് (സർവത്രഭീതി) എന്നത്രേ പേർ വിളിച്ചിരിക്കുന്നത്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നിനക്കു തന്നെയും നിന്റെ സകല സ്നേഹിതന്മാർക്കും ഭീതിയാക്കിത്തീർക്കും; അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും; നിന്റെ കണ്ണ് അതു കാണും; എല്ലാ യെഹൂദായെയും ഞാൻ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കും; അവൻ അവരെ പിടിച്ചു ബാബേലിലേക്കു കൊണ്ടുപോയി വാൾകൊണ്ടു കൊന്നുകളയും. ഈ നഗരത്തിലെ സകല നിക്ഷേപങ്ങളും അതിലെ സകല സമ്പാദ്യങ്ങളും സകല വിശിഷ്ടവസ്തുക്കളും യെഹൂദാരാജാക്കന്മാരുടെ സകല ഭണ്ഡാരങ്ങളും ഞാൻ ശത്രുക്കളുടെ കൈയിൽ ഏല്പിക്കും; അവർ അവയെ കൊള്ളയിട്ടു ബാബേലിലേക്കു കൊണ്ടുപോകും. എന്നാൽ പശ്ഹൂരേ, നീയും നിന്റെ വീട്ടിൽ പാർക്കുന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്റെ വ്യാജപ്രവചനം കേട്ട നിന്റെ സകല സ്നേഹിതന്മാരും ബാബേലിലേക്കു ചെന്ന് അവിടെവച്ചു മരിക്കയും അവിടെ അടക്കപ്പെടുകയും ചെയ്യും.