യിരെമ്യാവ് 12:1-6

യിരെമ്യാവ് 12:1-6 MALOVBSI

യഹോവേ, ഞാൻ നിന്നോടു വാദിച്ചാൽ നീ നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ചു ഞാൻ നിന്നോടു ചോദിപ്പാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിപ്പാൻ സംഗതി എന്ത്? ദ്രോഹം പ്രവർത്തിക്കുന്നവരൊക്കെയും നിർഭയന്മാരായിരിക്കുന്നതെന്ത്? നീ അവരെ നട്ട് അവർ വേരൂന്നി വളർന്നു ഫലം കായിക്കുന്നു; അവരുടെ വായിൽ നീ സമീപസ്ഥനായും അന്തരംഗത്തിൽ ദൂരസ്ഥനായും ഇരിക്കുന്നു. എന്നാൽ യഹോവേ, എന്നെ നീ അറിയുന്നു; നീ എന്നെ കണ്ടു നിന്റെ സന്നിധിയിൽ എന്റെ ഹൃദയത്തെ ശോധന ചെയ്യുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിഴയ്ക്കേണമേ; കൊലദിവസത്തിനായി അവരെ വേർതിരിക്കേണമേ. ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടത നിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവൻ ഞങ്ങളുടെ അന്ത്യാവസ്ഥ കാണുകയില്ല എന്ന് അവർ പറയുന്നു. കാലാളുകളോടുകൂടെ ഓടിയിട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോട് എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിർഭയനായിരിക്കുന്നു; എന്നാൽ യോർദ്ദാന്റെ വൻകാട്ടിൽ നീ എന്തുചെയ്യും? നിന്റെ സഹോദരന്മാരും പിതൃഭവനവും നിന്നോടു ദ്രോഹം ചെയ്തിരിക്കുന്നു. അവരുംകൂടെ നിന്റെ പിന്നാലെ ആർപ്പുവിളിക്കുന്നു; അവർ നിന്നോടു ചക്കരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുത്.