യിരെമ്യാവ് 10:1-10
യിരെമ്യാവ് 10:1-10 MALOVBSI
യിസ്രായേൽഗൃഹമേ, യഹോവ നിങ്ങളോട് അരുളിച്ചെയ്യുന്ന വചനം കേൾപ്പിൻ! യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുത്; ആകാശത്തിലെ ലക്ഷണങ്ങൾ കണ്ടു ഭ്രമിക്കരുത്; ജാതികൾ അല്ലോ അവ കണ്ടു ഭ്രമിക്കുന്നത്. ജാതികളുടെ ചട്ടങ്ങൾ മിഥ്യാമൂർത്തിയെ സംബന്ധിക്കുന്നു; അത് ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ. അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ട് അലങ്കരിക്കുന്നു; അത് ഇളകാതെയിരിക്കേണ്ടതിന് അവർ അതിനെ ആണിയും ചുറ്റികയും കൊണ്ട് ഉറപ്പിക്കുന്നു. അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവയ്ക്കു നടപ്പാൻ വയ്യായ്കകൊണ്ട് അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുത്; ഒരു ദോഷവും ചെയ്‍വാൻ അവയ്ക്കു കഴികയില്ല; ഗുണം ചെയ്‍വാനും അവയ്ക്കു പ്രാപ്തിയില്ല. യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു. ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല. അവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിഥ്യാമൂർത്തികളുടെ ഉപദേശമോ മരമുട്ടിയത്രേ. തർശ്ശീശിൽനിന്നു കൊണ്ടുവന്ന വെള്ളിയും ഊഫാസിൽനിന്നുള്ള പൊന്നും അടിച്ചുപരത്തുന്നു; അതു കൗശലപ്പണിക്കാരന്റെയും തട്ടാന്റെയും കൈപ്പണി തന്നെ; നീലവും രക്താംബരവും അവയുടെ ഉടുപ്പ്; അവയൊക്കെയും കൗശലപ്പണിക്കാരുടെ പണി അത്രേ. യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നെ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്ക് അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.

