ന്യായാധിപന്മാർ 6:28-35

ന്യായാധിപന്മാർ 6:28-35 MALOVBSI

പട്ടണക്കാർ രാവിലെ എഴുന്നേറ്റപ്പോൾ ബാലിന്റെ ബലിപീഠം ഇടിഞ്ഞുകിടക്കുന്നതു കണ്ടു. അതിനരികെയുള്ള അശേരാപ്രതിഷ്ഠയും വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിങ്കൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു. ഇതു ചെയ്തത് ആരെന്ന് അവർ തമ്മിൽ തമ്മിൽ ചോദിച്ച്, അന്വേഷണം കഴിച്ചപ്പോൾ യോവാശിന്റെ മകനായ ഗിദെയോൻ ആകുന്നു ചെയ്തത് എന്നു കേട്ടു. പട്ടണക്കാർ യോവാശിനോട്: നിന്റെ മകനെ പുറത്തു കൊണ്ടുവരിക; അവൻ മരിക്കേണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ച് അതിനരികത്ത് ഉണ്ടായിരുന്ന അശേരാപ്രതിഷ്ഠയെയും വെട്ടിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. യോവാശ് തന്റെ ചുറ്റും നില്ക്കുന്ന എല്ലാവരോടും പറഞ്ഞത്: ബാലിനുവേണ്ടി നിങ്ങളോ വ്യവഹരിക്കുന്നത്? നിങ്ങളോ അവനെ രക്ഷിക്കുന്നത്? അവനുവേണ്ടി വ്യവഹരിക്കുന്നവൻ ഇന്നു രാവിലെ തന്നെ മരിക്കേണം; അവൻ ഒരു ദൈവം എങ്കിൽ തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞതുകൊണ്ടു താൻതന്നെ തന്റെ കാര്യം വ്യവഹരിക്കട്ടെ. ഇവൻ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാൽ ഇവന്റെ നേരേ വ്യവഹരിക്കട്ടെ എന്നു പറഞ്ഞ് അവന് അന്നു യെരുബ്ബാൽ എന്നു പേരിട്ടു. അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാർ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്ന് യിസ്രെയേൽതാഴ്‌വരയിൽ പാളയം ഇറങ്ങി. അപ്പോൾ യഹോവയുടെ ആത്മാവ് ഗിദെയോന്റെമേൽ വന്നു, അവൻ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി. അവൻ മനശ്ശെയിൽ എല്ലാടവും ദൂതന്മാരെ അയച്ചു, അവരെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി; ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും പുറപ്പെട്ടുവന്ന് അവരോടു ചേർന്നു.