ന്യായാധിപന്മാർ 6:11-32

ന്യായാധിപന്മാർ 6:11-32 MALOVBSI

അനന്തരം യഹോവയുടെ ഒരു ദൂതൻ വന്ന് ഒഫ്രയിൽ അബീയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻകീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കൈയിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിനരികെവച്ചു മെതിക്കയായിരുന്നു. യഹോവയുടെ ദൂതൻ അവനു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട് എന്ന് അവനോടു പറഞ്ഞു. ഗിദെയോൻ അവനോട്: അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്ക് ഇതൊക്കെ ഭവിക്കുന്നത് എന്ത്? യഹോവ നമ്മെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോട് അറിയിച്ചിട്ടുള്ള അവന്റെ അദ്ഭുതങ്ങളൊക്കെയും എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കൈയിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കൈയിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയയ്ക്കുന്നത് എന്നു പറഞ്ഞു. അവൻ അവനോട്: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു. യഹോവ അവനോട്: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു. അതിന് അവൻ: നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ എന്നോടു സംസാരിക്കുന്നതു നീ തന്നെ എന്നതിന് ഒരു അടയാളം കാണിച്ചുതരേണമേ. ഞാൻ പോയി എന്റെ വഴിപാടു കൊണ്ടുവന്ന് നിന്റെ മുമ്പാകെ വയ്ക്കുവോളം ഇവിടെനിന്നു പോകരുതേ എന്ന് അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്ന് അവൻ അരുളിച്ചെയ്തു. അങ്ങനെ ഗിദെയോൻ ചെന്ന് ഒരു കോലാട്ടിൻകുട്ടിയെയും ഒരു പറ മാവുകൊണ്ട് പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കുട്ടയിൽവച്ച് ചാറ് ഒരു കിണ്ണത്തിൽ പകർന്ന് കരുവേലകത്തിൻകീഴെ കൊണ്ടുവന്ന് അവന്റെ മുമ്പിൽ വച്ചു. അപ്പോൾ ദൈവത്തിന്റെ ദൂതൻ അവനോട്: മാംസവും പുളിപ്പില്ലാത്ത വടകളും എടുത്ത് ഈ പാറമേൽവച്ച് ചാറ് അതിന്മേൽ ഒഴിക്ക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു. യഹോവയുടെ ദൂതൻ കൈയിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയിൽനിന്നു തീ പുറപ്പെട്ട് മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്റെ കണ്ണിനു മറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു ഗിദെയോൻ കണ്ടപ്പോൾ: അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടുപോയല്ലോ എന്നു പറഞ്ഞു. യഹോവ അവനോട്: നിനക്കു സമാധാനം; ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്ന് അരുളിച്ചെയ്തു. ഗിദെയോൻ അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിത് അതിനു യഹോവ ശലോം എന്നു പേരിട്ടു; അത് ഇന്നുവരെയും അബീയേസ്ര്യർക്കുള്ള ഒഫ്രയിൽ ഉണ്ട്. അന്നു രാത്രി യഹോവ അവനോടു കല്പിച്ചത്: നിന്റെ അപ്പന്റെ ഇളയ കാളയായ ഏഴു വയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടുചെന്ന് നിന്റെ അപ്പനുള്ള ബാലിൻബലിപീഠം ഇടിച്ച് അതിനരികെയുള്ള അശേരാപ്രതിഷ്ഠയെ വെട്ടിക്കളക. ഈ ദുർഗത്തിന്റെ മുകളിൽ നിന്റെ ദൈവമായ യഹോവയ്ക്ക് നിയമപ്രകാരം ഒരു യാഗപീഠം പണിത് ആ രണ്ടാമത്തെ കാളയെ എടുത്തു നീ വെട്ടിക്കളയുന്ന അശേരാപ്രതിഷ്ഠയുടെ വിറകുകൊണ്ട് ഹോമയാഗം കഴിക്ക. ഗിദെയോൻ തന്റെ വേലക്കാരിൽ പത്തു പേരെ കൂട്ടി, യഹോവ തന്നോടു കല്പിച്ചതുപോലെ ചെയ്തു; എന്നാൽ അവൻ തന്റെ കുടുംബക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ടു പകൽസമയത്ത് അതു ചെയ്യാതെ രാത്രിയിൽ ചെയ്തു. പട്ടണക്കാർ രാവിലെ എഴുന്നേറ്റപ്പോൾ ബാലിന്റെ ബലിപീഠം ഇടിഞ്ഞുകിടക്കുന്നതു കണ്ടു. അതിനരികെയുള്ള അശേരാപ്രതിഷ്ഠയും വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിങ്കൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു. ഇതു ചെയ്തത് ആരെന്ന് അവർ തമ്മിൽ തമ്മിൽ ചോദിച്ച്, അന്വേഷണം കഴിച്ചപ്പോൾ യോവാശിന്റെ മകനായ ഗിദെയോൻ ആകുന്നു ചെയ്തത് എന്നു കേട്ടു. പട്ടണക്കാർ യോവാശിനോട്: നിന്റെ മകനെ പുറത്തു കൊണ്ടുവരിക; അവൻ മരിക്കേണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ച് അതിനരികത്ത് ഉണ്ടായിരുന്ന അശേരാപ്രതിഷ്ഠയെയും വെട്ടിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. യോവാശ് തന്റെ ചുറ്റും നില്ക്കുന്ന എല്ലാവരോടും പറഞ്ഞത്: ബാലിനുവേണ്ടി നിങ്ങളോ വ്യവഹരിക്കുന്നത്? നിങ്ങളോ അവനെ രക്ഷിക്കുന്നത്? അവനുവേണ്ടി വ്യവഹരിക്കുന്നവൻ ഇന്നു രാവിലെ തന്നെ മരിക്കേണം; അവൻ ഒരു ദൈവം എങ്കിൽ തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞതുകൊണ്ടു താൻതന്നെ തന്റെ കാര്യം വ്യവഹരിക്കട്ടെ. ഇവൻ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാൽ ഇവന്റെ നേരേ വ്യവഹരിക്കട്ടെ എന്നു പറഞ്ഞ് അവന് അന്നു യെരുബ്ബാൽ എന്നു പേരിട്ടു.