ന്യായാധിപന്മാർ 4:4-10

ന്യായാധിപന്മാർ 4:4-10 MALOVBSI

ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യയായ ദെബോറാ എന്ന പ്രവാചകി യിസ്രായേലിൽ ന്യായപാലനം ചെയ്തു. അവൾ എഫ്രയീംപർവതത്തിൽ രാമായ്ക്കും ബേഥേലിനും മധ്യേയുള്ള ദെബോറായുടെ ഈന്തപ്പനയുടെ കീഴിൽ പാർത്തിരുന്നു; യിസ്രായേൽമക്കൾ ന്യായവിസ്താരത്തിന് അവളുടെ അടുക്കൽ ചെല്ലുക പതിവായിരുന്നു. അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്-നഫ്താലിയിൽനിന്നു വിളിപ്പിച്ച് അവനോട്: നീ പുറപ്പെട്ടു താബോർപർവതത്തിൽ ചെന്ന് നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ കൂട്ടിക്കൊൾക; ഞാൻ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻതോട്ടിനരികെ നിന്റെ അടുക്കൽ കൊണ്ടുവന്നു നിന്റെ കൈയിൽ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ബാരാക് അവളോട്: നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല എന്നു പറഞ്ഞു. അതിന് അവൾ: ഞാൻ നിന്നോടുകൂടെ പോരാം; എന്നാൽ നീ പോകുന്ന യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കൈയിൽ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോറാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദെശിലേക്കു പോയി. ബാരാക് സെബൂലൂനെയും നഫ്താലിയെയും കേദെശിൽ വിളിച്ചുകൂട്ടി; അവനോടുകൂടെ പതിനായിരം പേർ കയറിച്ചെന്നു; ദെബോറായുംകൂടെ കയറിച്ചെന്നു.