ന്യായാധിപന്മാർ 3:1-6

ന്യായാധിപന്മാർ 3:1-6 MALOVBSI

കനാനിലെ യുദ്ധങ്ങളൊന്നും അറിഞ്ഞിട്ടില്ലാത്ത യിസ്രായേലിനെയൊക്കെയും പരീക്ഷിക്കേണ്ടതിനും യുദ്ധം അറിഞ്ഞിട്ടില്ലാത്ത യിസ്രായേൽമക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കേണ്ടതിനുമായി യഹോവ വച്ചിരുന്ന ജാതികളാവിത്: ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും എല്ലാ കനാന്യരും സീദോന്യരും ബാൽ ഹെർമ്മോൻപർവതംമുതൽ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോൻപർവതത്തിൽ പാർത്തിരുന്ന ഹിവ്യരുംതന്നെ. മോശെ മുഖാന്തരം യഹോവ അവരുടെ പിതാക്കന്മാരോടു കല്പിച്ച കല്പനകൾ അനുസരിക്കുമോ എന്ന് അവരെക്കൊണ്ടു യിസ്രായേലിനെ പരീക്ഷിച്ചറിവാൻ ആയിരുന്നു ഇവരെ വച്ചിരുന്നത്. കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ഇടയിൽ യിസ്രായേൽമക്കൾ പാർത്തു. അവരുടെ പുത്രിമാരെ തങ്ങൾക്കു ഭാര്യമാരായിട്ട് എടുക്കയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയും അവരുടെ ദേവന്മാരെ സേവിക്കയും ചെയ്തു.