യെശയ്യാവ് 6:8-13
യെശയ്യാവ് 6:8-13 MALOVBSI
അനന്തരം ഞാൻ ആരെ അയയ്ക്കേണ്ടൂ? ആർ നമുക്കുവേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ട്: അടിയൻ ഇതാ അടിയനെ അയയ്ക്കേണമേ എന്നു ഞാൻ പറഞ്ഞു. അപ്പോൾ അവൻ അരുളിച്ചെയ്തത്: നീ ചെന്ന്, ഈ ജനത്തോടു പറയേണ്ടത്: നിങ്ങൾ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങൾ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല. ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിനു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണ് അടച്ചുകളകയും ചെയ്ക. കർത്താവേ, എത്രത്തോളം? എന്നു ഞാൻ ചോദിച്ചതിന് അവൻ: പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും യഹോവ മനുഷ്യരെ ദൂരത്ത് അകറ്റിയിട്ട് ദേശത്തിന്റെ നടുവിൽ വലിയൊരു നിർജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നെ എന്ന് ഉത്തരം പറഞ്ഞു. അതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന് ഇരയായിത്തീരും; എങ്കിലും കരിമരവും കരുവേലകവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.




