യെശയ്യാവ് 44:1-18

യെശയ്യാവ് 44:1-18 MALOVBSI

ഇപ്പോഴോ, എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്ക. നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യെശൂരൂനേ, നീ ഭയപ്പെടേണ്ടാ. ദാഹിച്ചിരിക്കുന്നേടത്തു ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും. അവർ പുല്ലിന്റെ ഇടയിൽ നീർത്തോടുകൾക്കരികെയുള്ള അലരികൾപോലെ മുളച്ചുവരും. ഞാൻ യഹോവയ്ക്കുള്ളവൻ എന്ന് ഒരുത്തൻ പറയും; മറ്റൊരുത്തൻ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തൻ തന്റെ കൈമേൽ: യഹോവയ്ക്കുള്ളവൻ എന്ന് എഴുതി, യിസ്രായേൽ എന്നു മറുപേരെടുക്കും. യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. ഞാൻ പുരാതനമായൊരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാൻ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവയ്ക്കയും ചെയ്യുന്നവൻ ആർ? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവർ പ്രസ്താവിക്കട്ടെ. നിങ്ങൾ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടു തന്നെ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല. വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ളൂ. ഒരു ദേവനെ നിർമ്മിക്കയോ ഒന്നിനും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാർക്കയോ ചെയ്യുന്നവൻ ആർ? ഇതാ അവന്റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവർ ഒരുപോലെ വിറച്ചു ലജ്ജിച്ചുപോകും. കൊല്ലൻ ഉളിയെ മൂർച്ചയാക്കി തീക്കനലിൽ വേല ചെയ്തു ചുറ്റികകൊണ്ട് അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീർക്കുന്നു; അവൻ വിശന്നു ക്ഷീണിക്കുന്നു; വെള്ളംകുടിക്കാതെ തളർന്നുപോകുന്നു. ആശാരി തോതുപിടിച്ച് ഈയക്കോൽകൊണ്ട് അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരയ്ക്കയും ചെയ്യുന്നു; ഇങ്ങനെ അവൻ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീർത്തു ക്ഷേത്രത്തിൽ വയ്ക്കുന്നു. ഒരുവൻ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലകവും എടുക്കയും കാട്ടിലെ വൃക്ഷങ്ങളിൽ അവയെ കണ്ട് ഉറപ്പിക്കയും ഒരു അശോകം നട്ടുപിടിപ്പിക്കയും, മഴ അതിനെ വളർത്തുകയും ചെയ്യുന്നു. പിന്നെ അതു മനുഷ്യനു തീ കത്തിപ്പാൻ ഉതകുന്നു; അവൻ അതിൽ കുറെ എടുത്തു തീകായുകയും അതു കത്തിച്ച് അപ്പം ചുടുകയും അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീർത്ത് അതിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു. അതിൽ ഒരംശംകൊണ്ട് അവൻ തീ കത്തിക്കുന്നു; ഒരംശംകൊണ്ട് ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവൻ ചുട്ടുതിന്നു തൃപ്തനാകുന്നു; അവൻ തീ കാഞ്ഞു: നല്ല തീ, കുളിർ മാറി എന്നു പറയുന്നു. അതിന്റെ ശേഷിപ്പുകൊണ്ട് അവൻ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നെ, ഉണ്ടാക്കി അതിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാർഥിച്ച്: എന്നെ രക്ഷിക്കേണമേ; നീ എന്റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു. അവർ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണുകളെയും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളെയും അവൻ അടച്ചിരിക്കുന്നു.