യെശയ്യാവ് 37:9-22

യെശയ്യാവ് 37:9-22 MALOVBSI

എന്നാൽ കൂശ്‍രാജാവായ തിർഹാക്കാ തന്റെ നേരേ യുദ്ധംചെയ്‍വാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ട് അവൻ ഹിസ്കീയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു കല്പിച്ചതെന്തെന്നാൽ: നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടത്: യെരൂശലേം അശ്ശൂർരാജാവിന്റെ കൈയിൽ ഏല്പിച്ചു കളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുത്. അശ്ശൂർരാജാക്കന്മാർ സകല ദേശങ്ങളോടു ചെയ്തതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ വിടുവിക്കപ്പെടുമോ? ഗോസാൻ, ഹാരാൻ, രേസെഫ, തെലസ്സാരിലെ ഏദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാർ നശിപ്പിച്ചുകളഞ്ഞ ജാതികളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ? ഹമാത്ത്‍രാജാവും അർപ്പാദ്‍രാജാവും സെഫർവ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവയ്ക്കു രാജാവായിരുന്നവനും എവിടെ? ഹിസ്കീയാവ് ദൂതന്മാരുടെ കൈയിൽനിന്ന് എഴുത്തുവാങ്ങി വായിച്ചു; ഹിസ്കീയാവ് യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ അതു വിടർത്തി. ഹിസ്കീയാവ് യഹോവയോടു പ്രാർഥിച്ചു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. യഹോവേ, ചെവി ചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണു തുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ ആളയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്ക് ഒക്കെയും കേൾക്കേണമേ. യഹോവേ, അശ്ശൂർരാജാക്കന്മാർ സർവജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കി, അവരുടെ ദേവന്മാരെ തീയിൽ ഇട്ടുകളഞ്ഞതു സത്യം തന്നെ; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയേണ്ടതിനു ഞങ്ങളെ അവന്റെ കൈയിൽനിന്നു രക്ഷിക്കേണമേ. ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അശ്ശൂർരാജാവായ സൻഹേരീബ് നിമിത്തം എന്നോടു പ്രാർഥിച്ചതുകൊണ്ട്, അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനം ആവിത്: സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു.