യെശയ്യാവ് 3:8-15

യെശയ്യാവ് 3:8-15 MALOVBSI

യഹോവയുടെ തേജസ്സുള്ള കണ്ണിനു വെറുപ്പുതോന്നുവാൻ തക്കവണ്ണം അവരുടെ നാവുകളും പ്രവൃത്തികളും അവനു വിരോധമായിരിക്കയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും. അവരുടെ മുഖഭാവം അവർക്കു വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറയ്ക്കുന്നതുമില്ല; അവർക്ക് അയ്യോ കഷ്ടം! അവർ തങ്ങൾക്കു തന്നെ ദോഷം വരുത്തുന്നു. നീതിമാനെക്കുറിച്ച്: അവനു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും. ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും. എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവർ നശിപ്പിക്കുന്നു. യഹോവ വ്യവഹരിപ്പാൻ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാൻ നില്ക്കുന്നു. യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തിൽ പ്രവേശിക്കും; നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവർന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ട്; എന്റെ ജനത്തെ തകർത്തുകളവാനും എളിയവരെ ദുഃഖിപ്പിപ്പാനും നിങ്ങൾക്ക് എന്തു കാര്യം എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്.