യെശയ്യാവ് 10:20-27

യെശയ്യാവ് 10:20-27 MALOVBSI

അന്നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ്ഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർഥമായി ആശ്രയിക്കും. ഒരു ശേഷിപ്പു മടങ്ങിവരും (ശെയാർ-യാശൂബ്); യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും. യിസ്രായേലേ, നിന്റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായൊരു സംഹാരം നിർണയിക്കപ്പെട്ടിരിക്കുന്നു. എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കർത്താവ് സർവ ഭൂമിയുടെയും മധ്യേ നിർണയിക്കപ്പെട്ട സംഹാരം വരുത്തും. അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സീയോനിൽ വസിക്കുന്ന എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തിൽ നിന്റെ നേരേ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ. ഇനി കുറഞ്ഞൊന്നു കഴിഞ്ഞിട്ട് എന്റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്റെ കോപവും തീർന്നുപോകും. ഓറേബ്പാറയ്ക്കരികെ വച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരേ ഒരു ചമ്മട്ടിയെ പൊക്കും; അവൻ തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും. അന്നാളിൽ അവന്റെ ചുമടു നിന്റെ തോളിൽനിന്നും അവന്റെ നുകം നിന്റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; പുഷ്‍ടിനിമിത്തം നുകം തകർന്നുപോകും.