എബ്രായർ 9:11-22

എബ്രായർ 9:11-22 MALOVBSI

ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ട്: കൈപ്പണിയല്ലാത്തതായി എന്നുവച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽക്കൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താൽ തന്നെ ഒരിക്കലായിട്ടു വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെമേൽ തളിക്കുന്ന പശു ഭസ്മവും ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും? അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിനായി ഒരു മരണം ഉണ്ടായിട്ട് നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്ക് ലഭിക്കേണ്ടതിന് അവൻ പുതിയനിയമത്തിന്റെ മധ്യസ്ഥൻ ആകുന്നു. നിയമം ഉള്ളേടത്തു നിയമകർത്താവിന്റെ മരണം തെളിവാൻ ആവശ്യം. മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നത്; നിയമകർത്താവിന്റെ ജീവകാലത്തോളം അതിന് ഉറപ്പില്ല. അതുകൊണ്ട് ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല. മോശെ ന്യായപ്രമാണപ്രകാരം കല്പനയൊക്കെയും സകല ജനത്തോടും പ്രസ്താവിച്ചശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകല ജനത്തിന്മേലും തളിച്ചു: “ഇത് ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു. അങ്ങനെ തന്നെ അവൻ കൂടാരത്തിന്മേലും ആരാധനയ്ക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.