എബ്രായർ 9:1-10

എബ്രായർ 9:1-10 MALOVBSI

എന്നാൽ ആദ്യനിയമത്തിനും ആരാധനയ്ക്കുള്ള ചട്ടങ്ങളും ലൗകികമായ വിശുദ്ധമന്ദിരവും ഉണ്ടായിരുന്നു. ഒരു കൂടാരം ചമച്ചു; അതിന്റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിനു വിശുദ്ധസ്ഥലം എന്നു പേർ. രണ്ടാം തിരശ്ശീലയ്ക്കു പിന്നിലോ അതിവിശുദ്ധം എന്ന കൂടാരം ഉണ്ടായിരുന്നു. അതിൽ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിനകത്തു മന്ന ഇട്ടുവച്ച പൊൻപാത്രവും അഹരോന്റെ തളിർത്ത വടിയും നിയമത്തിന്റെ കല്പലകകളും അതിനു മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അത് ഇപ്പോൾ ഓരോന്നായി വിവരിപ്പാൻ കഴിവില്ല. ഇവ ഇങ്ങനെ തീർന്നശേഷം പുരോഹിതന്മാർ നിത്യം മുൻകൂടാരത്തിൽ ചെന്നു ശുശ്രൂഷ കഴിക്കും. രണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അത് അവൻ തന്റെയും ജനത്തിന്റെയും അബദ്ധങ്ങൾക്കുവേണ്ടി അർപ്പിക്കും. മുൻകൂടാരം നില്ക്കുന്നേടത്തോളം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്ന് പരിശുദ്ധാത്മാവ് ഇതിനാൽ സൂചിപ്പിക്കുന്നു. ആ കൂടാരം ഈ കാലത്തേക്ക് ഒരു സാദൃശ്യമത്രേ. അതിന് ഒത്തവണ്ണം ആരാധനക്കാരനു മനസ്സാക്ഷിയിൽ പൂർണസമാധാനം വരുത്തുവാൻ കഴിയാത്ത വഴിപാടും യാഗവും അർപ്പിച്ചുപോരുന്നു. അവ ഭക്ഷ്യങ്ങൾ, പാനീയങ്ങൾ, വിവിധ സ്നാനങ്ങൾ എന്നിവയോടുകൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ.