ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മല്ക്കീസേദെക് രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റ് അനുഗ്രഹിച്ചു; അബ്രാഹാം അവനു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന് ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവ് എന്നുവച്ചാൽ സമാധാനത്തിന്റെ രാജാവ് എന്നും അർഥം. അവനു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രനു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു. ഇവൻ എത്ര മഹാൻ എന്ന് നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാംകൂടെയും അവനു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ. ലേവിപുത്രന്മാരിൽ പൗരോഹിത്യം ലഭിക്കുന്നവർക്ക് ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ട്; അത് അബ്രാഹാമിന്റെ കടിപ്രദേശത്തുനിന്ന് ഉദ്ഭവിച്ച സഹോദരന്മാരോട് ആകുന്നു വാങ്ങുന്നത്. എന്നാൽ അവരുടെ വംശാവലിയിൽ ഉൾപ്പെടാത്തവൻ അബ്രാഹാമിനോടുതന്നെ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങൾ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു. ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു എന്നതിനു തർക്കം ഏതുമില്ലല്ലോ. ഇവിടെ മരിക്കുന്ന മനുഷ്യർ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവൻതന്നെ. ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്ന് ഒരു വിധത്തിൽ പറയാം. അവന്റെ പിതാവിനെ മല്ക്കീസേദെക് എതിരേറ്റപ്പോൾ ലേവി അവന്റെ കടിപ്രദേശത്ത് ഉണ്ടായിരുന്നുവല്ലോ. ലേവ്യപൗരോഹിത്യത്താൽ സമ്പൂർണത വന്നെങ്കിൽ -അതിൻകീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചത്-അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാൻ എന്തൊരാവശ്യം? പൗരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിനുംകൂടെ മാറ്റം വരുവാൻ ആവശ്യം. എന്നാൽ ഇത് ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവൻ വേറൊരു ഗോത്രത്തിൽ ഉള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്തിട്ടില്ല. യെഹൂദായിൽനിന്നു നമ്മുടെ കർത്താവ് ഉദിച്ചു എന്ന് സ്പഷ്ടമല്ലോ; ആ ഗോത്രത്തോടു മോശെ പൗരോഹിത്യം സംബന്ധിച്ച് ഒന്നും കല്പിച്ചിട്ടില്ല. ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താൽ അല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാൽ ഉളവായ വേറേ ഒരു പുരോഹിതൻ മല്ക്കീസേദെക്കിനു സദൃശനായി ഉദിക്കുന്നു എങ്കിൽ അത് ഏറ്റവും അധികം തെളിയുന്നു. നീ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നത്. മുമ്പിലത്തെ കല്പനയ്ക്ക് അതിന്റെ ബലഹീനതയും നിഷ്പ്രയോജനവും നിമിത്തം നീക്കവും- ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ലല്ലോ- നാം ദൈവത്തോട് അടുക്കുന്നതിനുള്ള ഏറെ നല്ല പ്രത്യാശയ്ക്കു സ്ഥാപനവും വന്നിരിക്കുന്നു. അവർ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു. ഇവനോ “നീ എന്നേക്കും പുരോഹിതൻ എന്ന് കർത്താവ് സത്യംചെയ്തു, അനുതപിക്കയുമില്ല” എന്ന് തന്നോട് അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെതന്നെ. ആണ കൂടാതെയല്ല എന്നതിന് ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന് യേശു ഉത്തരവാദിയായിത്തീർന്നിരിക്കുന്നു.
എബ്രായർ 7 വായിക്കുക
കേൾക്കുക എബ്രായർ 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: എബ്രായർ 7:1-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ