എബ്രായർ 10:11-22

എബ്രായർ 10:11-22 MALOVBSI

ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടെക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു. യേശുവോ പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചിട്ട് എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നുകൊണ്ട് തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു. അത് പരിശുദ്ധാത്മാവും നമുക്ക് സാക്ഷീകരിക്കുന്നു. “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാട്” എന്ന് അരുളിച്ചെയ്തശേഷം: “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്ന് അരുളിച്ചെയ്യുന്നു. എന്നാൽ ഇവയുടെ മോചനം ഉള്ളേടത്ത് ഇനിമേൽ പാപങ്ങൾക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല. അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽക്കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന് ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ട് നാം ദുർമനസ്സാക്ഷി നീങ്ങുമാറ് ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണനിശ്ചയം പൂണ്ടു പരമാർഥഹൃദയത്തോടെ അടുത്തു ചെല്ലുക.