ഉൽപത്തി 40:9-23

ഉൽപത്തി 40:9-23 MALOVBSI

അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ തന്റെ സ്വപ്നം അറിയിച്ചു പറഞ്ഞത്: എന്റെ സ്വപ്നത്തിൽ ഇതാ, എന്റെ മുമ്പിൽ ഒരു മുന്തിരിവള്ളി. മുന്തിരിവള്ളിയിൽ മൂന്നു കൊമ്പ്; അതു തളിർത്തു പൂത്തു; കുലകളിൽ മുന്തിരിങ്ങ പഴുത്തു. ഫറവോന്റെ പാനപാത്രം എന്റെ കൈയിൽ ഉണ്ടായിരുന്നു; ഞാൻ മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തിൽ പിഴിഞ്ഞു; പാനപാത്രം ഫറവോന്റെ കൈയിൽ കൊടുത്തു. യോസേഫ് അവനോടു പറഞ്ഞത്: അതിന്റെ അർഥം ഇതാകുന്നു, മൂന്ന് കൊമ്പ് മൂന്നു ദിവസം. മൂന്നു ദിവസത്തിനകം ഫറവോൻ നിന്നെ കടാക്ഷിച്ച്, വീണ്ടും നിന്റെ സ്ഥാനത്ത് ആക്കും. നീ പാനപാത്രവാഹകനായി മുമ്പിലത്തെ പതിവുപോലെ ഫറവോന്റെ കൈയിൽ പാനപാത്രം കൊടുക്കും. എന്നാൽ നീ ശുഭമായിരിക്കുമ്പോൾ എന്നെ ഓർത്ത് എന്നോടു ദയ ചെയ്ത് ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ച് എന്നെ ഈ വീട്ടിൽനിന്നും വിടുവിക്കേണമേ. എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്നു; ഈ കുണ്ടറയിൽ എന്നെ ഇടേണ്ടതിന് ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല. അർഥം നല്ലതെന്ന് അപ്പക്കാരുടെ പ്രമാണി കണ്ടിട്ടു യോസേഫിനോട്: ഞാനും സ്വപ്നത്തിൽ എന്റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കുട്ട കണ്ടു. മേലത്തെ കുട്ടയിൽ ഫറവോന്റെ വക അപ്പത്തരങ്ങളൊക്കെയും ഉണ്ടായിരുന്നു; പക്ഷികൾ എന്റെ തലയിലെ കുട്ടയിൽനിന്ന് അവയെ തിന്നുകളഞ്ഞു എന്നു പറഞ്ഞു. അതിനു യോസേഫ്: അതിന്റെ അർഥം ഇതാകുന്നു, മൂന്നു കുട്ട മൂന്നു ദിവസം. മൂന്നു ദിവസത്തിനകം ഫറവോൻ നിന്റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും എന്ന് ഉത്തരം പറഞ്ഞു. മൂന്നാം നാളിൽ ഫറവോന്റെ തിരുനാളിൽ അവൻ തന്റെ സകല ദാസന്മാർക്കും ഒരു വിരുന്നു കഴിച്ചു. തന്റെ ദാസന്മാരുടെ മധ്യേ പാനപാത്രവാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓർത്തു. പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്റെ കൈയിൽ പാനപാത്രം കൊടുക്കേണ്ടതിനു വീണ്ടും അവന്റെ സ്ഥാനത്ത് ആക്കി. അപ്പക്കാരുടെ പ്രമാണിയെയോ അവൻ തൂക്കിച്ചു; യോസേഫ് അർഥം പറഞ്ഞതുപോലെ തന്നെ. എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു.

ഉൽപത്തി 40:9-23 - നുള്ള വീഡിയോ