ഉൽപത്തി 4:17-26

ഉൽപത്തി 4:17-26 MALOVBSI

കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവൻ ഒരു പട്ടണം പണിതു, ഹാനോക് എന്നു തന്റെ മകന്റെ പേരിട്ടു. ഹാനോക്കിന് ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു. ലാമെക് രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്ക് ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ. ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകന്മാർക്കും പിതാവായിത്തീർന്നു. അവന്റെ സഹോദരനു യൂബാൽ എന്നു പേർ. ഇവൻ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവർക്കും പിതാവായിത്തീർന്നു. സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവനായിത്തീർന്നു; തൂബൽകയീന്റെ പെങ്ങൾ നയമാ. ലാമെക് തന്റെ ഭാര്യമാരോടു പറഞ്ഞത്: ആദായും സില്ലായും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിനു ചെവിതരുവിൻ! എന്റെ മുറിവിനു പകരം ഞാൻ ഒരു പുരുഷനെയും എന്റെ പരുക്കിനു പകരം ഒരു യുവാവിനെയും കൊല്ലും. കയീനുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ ലാമെക്കിനുവേണ്ടി എഴുപത്തേഴ് ഇരട്ടി പകരം ചെയ്യും. ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: കയീൻ കൊന്ന ഹാബെലിനു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞ് അവനു ശേത്ത് എന്നു പേരിട്ടു. ശേത്തിനും ഒരു മകൻ ജനിച്ചു; അവന് എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.

ഉൽപത്തി 4:17-26 - നുള്ള വീഡിയോ