ഉൽപത്തി 28:1-9
ഉൽപത്തി 28:1-9 MALOVBSI
അനന്തരം യിസ്ഹാക് യാക്കോബിനെ വിളിച്ച്, അവനെ അനുഗ്രഹിച്ച്, അവനോട് ആജ്ഞാപിച്ചു പറഞ്ഞത്: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുത്. പുറപ്പെട്ട് പദ്ദൻ-അരാമിൽ നിന്റെ അമ്മയുടെ അപ്പനായ ബെഥൂവേലിന്റെ വീട്ടിൽ ചെന്നു നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിൽനിന്നു നിനക്ക് ഒരു ഭാര്യയെ എടുക്ക. സർവശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കയും നീ ജനസമൂഹമായിത്തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്‍ടിയുള്ളവനായി പെരുക്കുകയും ദൈവം അബ്രാഹാമിനു കൊടുത്തതും നീ പരദേശിയായി പാർക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന് അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ. അങ്ങനെ യിസ്ഹാക് യാക്കോബിനെ പറഞ്ഞയച്ചു; അവൻ പദ്ദൻ-അരാമിൽ അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കായുടെ സഹോദരനുമായ ലാബാന്റെ അടുക്കൽ പോയി. യിസ്ഹാക് യാക്കോബിനെ അനുഗ്രഹിച്ച്, പദ്ദൻ-അരാമിൽനിന്ന് ഒരു ഭാര്യയെ എടുപ്പാൻ അവനെ അവിടേക്ക് അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോൾ: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതെന്ന് അവനോടു കല്പിച്ചതും യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ച് പദ്ദൻ-അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോൾ, കനാന്യസ്ത്രീകൾ തന്റെ അപ്പനായ യിസ്ഹാക്കിന് ഇഷ്ടമുള്ളവരല്ല എന്നു കണ്ട് ഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.

