ഉൽപത്തി 24:12-27

ഉൽപത്തി 24:12-27 MALOVBSI

എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോട് കൃപ ചെയ്ത് ഇന്നുതന്നെ കാര്യം സാധിപ്പിച്ചു തരേണമേ. ഇതാ, ഞാൻ കിണറ്റിനരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു. നിന്റെ പാത്രം ഇറക്കി എനിക്ക് കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീതന്നെ നീ നിന്റെ ദാസനായ യിസ്ഹാക്കിന് നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോട് കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും. അവൻ പറഞ്ഞു തീരുംമുമ്പേ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കായുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു. ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ച് കയറിവന്നു. ദാസൻ വേഗത്തിൽ അവളെ എതിരേറ്റു ചെന്ന്: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു. യജമാനനേ, കുടിക്ക എന്ന് അവൾ പറഞ്ഞു വേഗം പാത്രം കൈയിൽ ഇറക്കി അവന് കുടിപ്പാൻ കൊടുത്തു. അവനു കുടിപ്പാൻ കൊടുത്തശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു, പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്ക് ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു. ആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്ന് അറിയേണ്ടതിനു മിണ്ടാതിരുന്നു. ഒട്ടകങ്ങൾ കുടിച്ചുതീർന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊൻമൂക്കുത്തിയും അവളുടെ കൈക്കിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്ത് അവളോട്: നീ ആരുടെ മകൾ? പറക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാപാർപ്പാൻ സ്ഥലം ഉണ്ടോ എന്നു ചോദിച്ചു. അവൾ അവനോട്: നാഹോരിനു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകളാകുന്നു ഞാൻ എന്നു പറഞ്ഞു. ഞങ്ങളുടെയവിടെ വൈക്കോലും തീനും വേണ്ടുവോളം ഉണ്ട്; രാപാർപ്പാൻ സ്ഥലവും ഉണ്ട് എന്നും അവൾ പറഞ്ഞു. അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു: എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു.

ഉൽപത്തി 24:12-27 - നുള്ള വീഡിയോ