ഉൽപത്തി 22:9-19

ഉൽപത്തി 22:9-19 MALOVBSI

ദൈവം കല്പിച്ചിരുന്ന സ്ഥലത്ത് അവർ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറക് അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി. പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിനു കത്തി എടുത്തു. ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്ന് അവൻ പറഞ്ഞു. ബാലന്റെമേൽ കൈവയ്ക്കരുത്; അവനോട് ഒന്നും ചെയ്യരുത്; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്ന് അവൻ അരുളിച്ചെയ്തു. അബ്രാഹാം തല പൊക്കി നോക്കിയപ്പോൾ പിമ്പുറത്ത് ഒരു ആട്ടുകൊറ്റൻ കൊമ്പ് കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകനു പകരം ഹോമയാഗം കഴിച്ചു. അബ്രാഹാം ആ സ്ഥലത്തിനു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവതത്തിൽ അവൻ പ്രത്യക്ഷനാകും എന്ന് ഇന്നുവരെയും പറഞ്ഞുവരുന്നു. യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്ന് അബ്രാഹാമിനോടു വിളിച്ച് അരുളിച്ചെയ്തത്: നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ട് ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവർ ഒന്നിച്ചു പുറപ്പെട്ടു ബേർ-ശേബയിലേക്കു പോന്നു; അബ്രാഹാം ബേർ-ശേബയിൽ പാർത്തു.

ഉൽപത്തി 22:9-19 - നുള്ള വീഡിയോ