ഉൽപത്തി 21:22-34

ഉൽപത്തി 21:22-34 MALOVBSI

അക്കാലത്ത് അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചു: നിന്റെ സകല പ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ട്; ആകയാൽ നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ കുലത്തോടോ വ്യാജം പ്രവർത്തിക്കാതെ ഞാൻ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാർത്തുവരുന്ന ദേശത്തോടും ദയ കാണിക്കുമെന്നു ദൈവത്തെച്ചൊല്ലി ഇവിടെ വച്ച് എന്നോടു സത്യം ചെയ്ക എന്നു പറഞ്ഞു. സത്യം ചെയ്യാം എന്ന് അബ്രാഹാം പറഞ്ഞു. എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ച കിണർ നിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭർത്സിച്ചു പറഞ്ഞു. അതിന് അബീമേലെക്; ഇക്കാര്യം ചെയ്തത് ആരെന്നു ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടുമില്ല എന്നു പറഞ്ഞു. പിന്നെ അബ്രാഹാം അബീമേലെക്കിന് ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു. അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിർത്തി. അപ്പോൾ അബീമേലെക് അബ്രാഹാമിനോട്: നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികൾ എന്തിന് എന്നു ചോദിച്ചു. ഞാൻ ഈ കിണർ കുഴിച്ചു എന്നതിനു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്ന് അവൻ പറഞ്ഞു. അവർ ഇരുവരും അവിടെവച്ചു സത്യം ചെയ്കകൊണ്ട് അവൻ ആ സ്ഥലത്തിനു ബേർ-ശേബ എന്നു പേരിട്ടു. ഇങ്ങനെ അവർ ബേർ-ശേബയിൽവച്ച് ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും എഴുന്നേറ്റ് ഫെലിസ്ത്യരുടെ ദേശത്തേക്ക് മടങ്ങിപ്പോയി. അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവച്ച് ആരാധന കഴിച്ചു. അബ്രാഹാം കുറെക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു.

ഉൽപത്തി 21:22-34 - നുള്ള വീഡിയോ