ഗലാത്യർ 4:12-20

ഗലാത്യർ 4:12-20 MALOVBSI

സഹോദരന്മാരേ, ഞാൻ നിങ്ങളെപ്പോലെ ആകയാൽ നിങ്ങളും എന്നെപ്പോലെ ആകുവാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങൾ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല. ഞാൻ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാൻ സംഗതി വന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ. എന്റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊള്ളുകയത്രേ ചെയ്തത്. നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കിൽ നിങ്ങളുടെ കണ്ണു ചൂന്നെടുത്ത് എനിക്കു തരുമായിരുന്നു എന്നതിനു ഞാൻ സാക്ഷി. അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാൻ നിങ്ങൾക്കു ശത്രുവായിപ്പോയോ? അവർ നിങ്ങളെക്കുറിച്ച് എരിവ് കാണിക്കുന്നതു ഗുണത്തിനായിട്ടല്ല; നിങ്ങളും അവരെക്കുറിച്ച് എരിവു കാണിക്കേണ്ടതിന് അവർ നിങ്ങളെ പുറത്തിട്ട് അടച്ചുകളവാൻ ഇച്ഛിക്കയത്രേ ചെയ്യുന്നത്. ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തിൽ എരിവു കാണിക്കുന്നത് നന്ന്. ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ, ഇന്നു നിങ്ങളുടെ അടുക്കൽ ഇരുന്ന് എന്റെ ശബ്ദം മാറ്റുവാൻ കഴിഞ്ഞിരുന്നു എങ്കിൽ കൊള്ളായിരുന്നു; ഞാൻ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു.