ഗലാത്യർ 1:11-24

ഗലാത്യർ 1:11-24 MALOVBSI

സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഓർപ്പിക്കുന്നു. അതു ഞാൻ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ പ്രാപിച്ചത്. യെഹൂദമതത്തിലെ എന്റെ മുമ്പിലത്തെ നടപ്പു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ച് അത്യന്തം എരിവേറി, എന്റെ സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തിൽ അധികം മുതിരുകയും ചെയ്തുപോന്നു. എങ്കിലും എന്റെ ജനനംമുതൽ എന്നെ വേർതിരിച്ച് തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന് അവനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ ഞാൻ മാംസരക്തങ്ങളോട് ആലോചിക്കയോ, എനിക്കു മുമ്പേ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരേ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു. മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിനു യെരൂശലേമിലേക്കു പോയി പതിനഞ്ചു ദിവസം അവനോടുകൂടെ പാർത്തു. എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല. ഞാൻ നിങ്ങൾക്ക് എഴുതുന്നതു ഭോഷ്കല്ല എന്നതിനു ദൈവം സാക്ഷി. പിന്നെ ഞാൻ സുറിയ, കിലിക്യ ദിക്കുകളിലേക്കു പോയി. യെഹൂദ്യയിലെ ക്രിസ്തുസഭകൾക്കോ ഞാൻ മുഖപരിചയം ഇല്ലാത്തവൻ ആയിരുന്നു; മുമ്പേ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പേ മുടിച്ച വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്നു മാത്രം അവർ കേട്ട് എന്നെച്ചൊല്ലി ദൈവത്തെ മഹത്ത്വപ്പെടുത്തി.