എസ്രാ 6:7-16

എസ്രാ 6:7-16 MALOVBSI

ഈ ദൈവാലയത്തിന്റെ പണിക്കാര്യത്തിൽ നിങ്ങൾ ഇടപെടരുത്; യെഹൂദന്മാരുടെ ദേശാധിപതിയും യെഹൂദന്മാരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ. ഈ ദൈവാലയം പണിയേണ്ടതിന് നിങ്ങൾ യെഹൂദന്മാരുടെ മൂപ്പന്മാർക്ക് ചെയ്യേണ്ടുന്നതിനെക്കുറിച്ച് ഞാൻ കല്പിക്കുന്നതെന്തെന്നാൽ: നദിക്ക് അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലിൽനിന്ന് ആ ആളുകൾക്ക് കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു. അവർ സ്വർഗത്തിലെ ദൈവത്തിനു സൗരഭ്യവാസനയുള്ള യാഗം അർപ്പിക്കേണ്ടതിനും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും ക്ഷേമത്തിനുവേണ്ടി പ്രാർഥിക്കേണ്ടതിനും സ്വർഗത്തിലെ ദൈവത്തിനു ഹോമയാഗം കഴിപ്പാൻ അവർക്ക് ആവശ്യമുള്ള കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ, കോതമ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാർ പറയുംപോലെ ദിവസംപ്രതി കുറവുകൂടാതെ കൊടുക്കേണ്ടതാകുന്നു. ആരെങ്കിലും ഈ കല്പന മാറ്റിയാൽ അവന്റെ വീട്ടിന്റെ ഒരു ഉത്തരം വലിച്ചെടുത്തു നാട്ടി അതിന്മേൽ അവനെ തൂക്കിക്കളകയും അവന്റെ വീട് അതുനിമിത്തം കുപ്പക്കുന്ന് ആക്കിക്കളകയും വേണം എന്നും ഞാൻ കല്പന കൊടുക്കുന്നു. ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏതു രാജാവിനും ജനത്തിനും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിർമ്മൂലനാശം വരുത്തും. ദാര്യാവേശ് ആയ ഞാൻ കല്പന കൊടുക്കുന്നു; ഇത് ജാഗ്രതയോടെ നിവർത്തിക്കേണ്ടതാകുന്നു. അപ്പോൾ നദിക്ക് ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടക്കാരും ദാര്യാവേശ്‍രാജാവ് കല്പനയയച്ചതുപോലെ തന്നെ ജാഗ്രതയോടെ ചെയ്തു. യെഹൂദന്മാരുടെ മൂപ്പന്മാർ പണിതു; ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകനായ സെഖര്യാവും പ്രവചിച്ചതിനാൽ അവർക്ക് സാധിച്ചും വന്നു. അവർ യിസ്രായേലിന്റെ ദൈവത്തിന്റെ കല്പന പ്രകാരവും കോരെശിന്റെയും ദാര്യാവേശിന്റെയും പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെയും കല്പനപ്രകാരവും അതു പണിതുതീർത്തു. ദാര്യാവേശ്‍രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടിൽ ആദാർമാസം മൂന്നാം തീയതി ഈ ആലയം പണിതുതീർന്നു. യിസ്രായേൽമക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു.