എസ്രാ 3:10-13

എസ്രാ 3:10-13 MALOVBSI

പണിയുന്നവർ യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ടപ്പോൾ യിസ്രായേൽരാജാവായ ദാവീദിന്റെ ചട്ടപ്രകാരം യഹോവയ്ക്കു സ്തോത്രം ചെയ്യേണ്ടതിന് വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും ആസാഫ്യരായ ലേവ്യരെ കൈത്താളങ്ങളോടുംകൂടെ നിർത്തി. അവർ യഹോവയെ: അവൻ നല്ലവൻ; യിസ്രായേലിനോട് അവന്റെ ദയ എന്നേക്കും ഉള്ളത് എന്നിങ്ങനെ വാഴ്ത്തി സ്തുതിച്ചുംകൊണ്ട് ഗാനപ്രതിഗാനം ചെയ്തു. അവർ യഹോവയെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ട് ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുഘോഷിച്ചു. എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ട് കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു. അങ്ങനെ ജനത്തിൽ സന്തോഷഘോഷത്തിന്റെ ശബ്ദവും കരച്ചലിന്റെ ശബ്ദവും തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു; ജനം അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ട് ഘോഷം ബഹുദൂരം കേട്ടു.