എസ്രാ 1:1-6

എസ്രാ 1:1-6 MALOVBSI

യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാട് നിവൃത്തിയാകേണ്ടതിനു പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സിനെ ഉണർത്തീട്ട് അവൻ തന്റെ രാജ്യത്ത് എല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലവും പരസ്യം ചെയ്തതെന്തെന്നാൽ: പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദായിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിവാൻ എന്നോടു കല്പിച്ചുമിരിക്കുന്നു. നിങ്ങളിൽ അവന്റെ ജനമായിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവം അവനോടുകൂടെ ഇരിക്കുമാറാകട്ടെ; അവൻ യെഹൂദായിലെ യെരൂശലേമിലേക്കു യാത്ര പുറപ്പെട്ട് യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം. ശേഷിച്ചിരിക്കുന്ന ഏവനും അവൻ പ്രവാസിയായി പാർക്കുന്ന ഇടത്തൊക്കെയും അതതു സ്ഥലത്തിലെ സ്വദേശികൾ പൊന്ന്, വെള്ളി, മറ്റു സാധനങ്ങൾ, കന്നുകാലി എന്നിവയാലും യെരൂശലേമിലെ ദൈവാലയം വകയ്ക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം. അങ്ങനെ യെഹൂദായുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവം ഉണർത്തിയ ഏവനും യെരൂശലേമിൽ യഹോവയുടെ ആലയം പണിവാൻ പോകേണ്ടതിന് യാത്ര പുറപ്പെട്ടു. അവരുടെ ചുറ്റും പാർത്തവർ എല്ലാവരും കൊടുത്ത ഔദാര്യദാനങ്ങളൊക്കെയും കൂടാതെ വെള്ളികൊണ്ടുള്ള ഉപകരണങ്ങൾ, പൊന്ന്, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിശേഷവസ്തുക്കൾ എന്നിവകൊണ്ടും അവരെ സഹായിച്ചു.