യെഹെസ്കേൽ 36:6-15

യെഹെസ്കേൽ 36:6-15 MALOVBSI

അതുകൊണ്ടു നീ യിസ്രായേൽദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്‌വരകളോടും പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാൻ എന്റെ തീക്ഷ്ണതയോടും എന്റെ ക്രോധത്തോടുംകൂടെ സംസാരിക്കുന്നു. അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ചുറ്റുമുള്ള ജാതികൾ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാൻ കൈ ഉയർത്തി സത്യം ചെയ്യുന്നു. നിങ്ങളോ, യിസ്രായേൽപർവതങ്ങളേ, എന്റെ ജനമായ യിസ്രായേൽ വരുവാൻ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവർക്കു വേണ്ടി ഫലം കായിപ്പിൻ. ഞാൻ നിങ്ങൾക്ക് അനുകൂലമായിരിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളിൽ കൃഷിയും വിതയും നടക്കും. ഞാൻ നിങ്ങളിൽ മനുഷ്യരെ, യിസ്രായേൽഗൃഹം മുഴുവനെയും തന്നെ, വർധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും. ഞാൻ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വർധിപ്പിക്കും; അവർ പെരുകി സന്താനപുഷ്‍ടിയുള്ളവരാകും; ഞാൻ നിങ്ങളിൽ പണ്ടത്തെപ്പോലെ ആളെ പാർപ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാൻ നിങ്ങൾക്കു ചെയ്യും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. ഞാൻ നിങ്ങളിൽ മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നെ, സഞ്ചരിക്കുമാറാക്കും; അവർ നിന്നെ കൈവശമാക്കും; നീ അവർക്ക് അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; അവർ നിന്നോട്: നീ മനുഷ്യരെ തിന്നുകളകയും നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു എന്നു പറയുന്നതുകൊണ്ട്, നീ ഇനിമേൽ മനുഷ്യരെ തിന്നുകളകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. ഞാൻ ഇനി നിന്നെ ജാതികളുടെ നിന്ദ കേൾപ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.