യെഹെസ്കേൽ 36:24-38

യെഹെസ്കേൽ 36:24-38 MALOVBSI

ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു കൂട്ടി സകല ദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ചു സ്വന്തദേശത്തേക്കു വരുത്തും. ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായിത്തീരും, ഞാൻ നിങ്ങളുടെ സകല മലിനതയെയും സകല വിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും. ഞാൻ നിങ്ങൾക്കു പുതിയൊരു ഹൃദയം തരും; പുതിയൊരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും. ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും. ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു നിങ്ങൾ പാർക്കും; നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും. ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വർധിപ്പിക്കും. നിങ്ങൾ ഇനിമേൽ ജാതികളുടെ ഇടയിൽ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിനു ഞാൻ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വർധിപ്പിക്കും. അപ്പോൾ നിങ്ങൾ നിങ്ങളുടെ ദുർമാർഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഓർത്തു നിങ്ങളുടെ അകൃത്യങ്ങൾ നിമിത്തവും മ്ലേച്ഛതകൾ നിമിത്തവും നിങ്ങൾക്കു നിങ്ങളോടു തന്നെ വെറുപ്പു തോന്നും. നിങ്ങളുടെ നിമിത്തമല്ല ഞാൻ ഇതു ചെയ്യുന്നത് എന്നു നിങ്ങൾക്കു ബോധ്യമായിരിക്കട്ടെ എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു; യിസ്രായേൽഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിപ്പിൻ. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കുന്ന നാളിൽ നിങ്ങളുടെ പട്ടണങ്ങളിൽ ഞാൻ ആളെ പാർപ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും. വഴി പോകുന്ന ഏവരുടെയും കാഴ്ചയ്ക്കു ശൂന്യമായിക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും. ശൂന്യമായിക്കിടന്നിരുന്ന ദേശം ഏദെൻതോട്ടംപോലെ ആയിത്തീർന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങൾ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീർന്നുവല്ലോ എന്ന് അവർ പറയും. ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാൻ പണിതു, ശൂന്യപ്രദേശത്തു നടുതലവച്ചുണ്ടാക്കി എന്നു നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജാതികൾ അന്ന് അറിയും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവർത്തിക്കയും ചെയ്യും. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹം എന്നോട് അപേക്ഷിച്ചിട്ടു ഞാൻ ഒന്നുകൂടെ ചെയ്യും: ഞാൻ അവർക്ക് ആളുകളെ ആട്ടിൻകൂട്ടത്തെപ്പോലെ വർധിപ്പിച്ചുകൊടുക്കും. ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങൾ വിശുദ്ധമായ ആട്ടിൻകൂട്ടംപോലെ, ഉത്സവങ്ങളിൽ യെരൂശലേമിലെ ആട്ടിൻകൂട്ടംപോലെ തന്നെ, മനുഷ്യരാകുന്ന ആട്ടിൻകൂട്ടംകൊണ്ടു നിറയും; ഞാൻ യഹോവ എന്ന് അവർ അറിയും.