നീയോ, മനുഷ്യപുത്രാ, യിസ്രായേൽ പർവതങ്ങളോടു പ്രവചിച്ചുപറയേണ്ടത്: യിസ്രായേൽപർവതങ്ങളേ, യഹോവയുടെ വചനം കേൾപ്പിൻ! യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളെക്കുറിച്ച്: നന്നായി; പുരാതനഗിരികൾ ഞങ്ങൾക്കു കൈവശം ആയിരിക്കുന്നു എന്നു പറയുന്നു. അതുകൊണ്ടു നീ പ്രവചിച്ചു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജാതികളിൽ ശേഷിച്ചവർക്കു കൈവശമായിത്തീരത്തക്കവണ്ണം അവർ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും, നിങ്ങൾ വായാളികളുടെ അധരങ്ങളിൽ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീർന്നിരിക്കകൊണ്ടും, യിസ്രായേൽപർവതങ്ങളേ, യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്‌വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിർജനവും ചുറ്റുമുള്ള ജാതികളിൽ ശേഷിച്ചവർക്കു കവർച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളിൽ ശേഷിച്ചവരോടും എല്ലാ എദോമിനോടും ഞാൻ നിശ്ചയമായി എന്റെ തീക്ഷ്ണതാഗ്നിയോടെ സംസാരിക്കും; അവർ എന്റെ ദേശത്തെ കവർച്ചയ്ക്കായി തള്ളിക്കളവാൻ തക്കവണ്ണം അതിനെ പൂർണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടുംകൂടെ തങ്ങൾക്ക് അവകാശമായി നിയമിച്ചുവല്ലോ. അതുകൊണ്ടു നീ യിസ്രായേൽദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്‌വരകളോടും പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാൻ എന്റെ തീക്ഷ്ണതയോടും എന്റെ ക്രോധത്തോടുംകൂടെ സംസാരിക്കുന്നു. അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ചുറ്റുമുള്ള ജാതികൾ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാൻ കൈ ഉയർത്തി സത്യം ചെയ്യുന്നു. നിങ്ങളോ, യിസ്രായേൽപർവതങ്ങളേ, എന്റെ ജനമായ യിസ്രായേൽ വരുവാൻ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവർക്കു വേണ്ടി ഫലം കായിപ്പിൻ. ഞാൻ നിങ്ങൾക്ക് അനുകൂലമായിരിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളിൽ കൃഷിയും വിതയും നടക്കും. ഞാൻ നിങ്ങളിൽ മനുഷ്യരെ, യിസ്രായേൽഗൃഹം മുഴുവനെയും തന്നെ, വർധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും. ഞാൻ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വർധിപ്പിക്കും; അവർ പെരുകി സന്താനപുഷ്‍ടിയുള്ളവരാകും; ഞാൻ നിങ്ങളിൽ പണ്ടത്തെപ്പോലെ ആളെ പാർപ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാൻ നിങ്ങൾക്കു ചെയ്യും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. ഞാൻ നിങ്ങളിൽ മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നെ, സഞ്ചരിക്കുമാറാക്കും; അവർ നിന്നെ കൈവശമാക്കും; നീ അവർക്ക് അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; അവർ നിന്നോട്: നീ മനുഷ്യരെ തിന്നുകളകയും നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു എന്നു പറയുന്നതുകൊണ്ട്, നീ ഇനിമേൽ മനുഷ്യരെ തിന്നുകളകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. ഞാൻ ഇനി നിന്നെ ജാതികളുടെ നിന്ദ കേൾപ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യെഹെസ്കേൽ 36 വായിക്കുക
കേൾക്കുക യെഹെസ്കേൽ 36
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യെഹെസ്കേൽ 36:1-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ