യെഹെസ്കേൽ 34:1-16

യെഹെസ്കേൽ 34:1-16 MALOVBSI

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, യിസ്രായേലിന്റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്ക; നീ പ്രവചിച്ച് അവരോട്, ഇടയന്മാരോടു തന്നെ, പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ മേയിക്കുന്ന യിസ്രായേലിന്റെ ഇടയന്മാർക്ക് അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാർ മേയിക്കേണ്ടത്? നിങ്ങൾ മേദസ്സു തിന്നുകയും ആട്ടുരോമം ഉടുക്കയും തടിച്ചിരിക്കുന്നവയെ അറുക്കയും ചെയ്യുന്നു; ആടുകളെ നിങ്ങൾ മേയിക്കുന്നില്ലതാനും. നിങ്ങൾ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കയോ ചെയ്യാതെ കഠിനതയോടും ക്രൂരതയോടുംകൂടെ അവയെ ഭരിച്ചിരിക്കുന്നു. ഇടയൻ ഇല്ലായ്കകൊണ്ട് അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടിലെ സകല മൃഗങ്ങൾക്കും ഇരയായിത്തീർന്നു. എന്റെ ആടുകൾ എല്ലാ മലകളിലും ഉയരമുള്ള എല്ലാ കുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തിലൊക്കെയും എന്റെ ആടുകൾ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല. അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ; എന്നാണ, ഇടയനില്ലായ്കകൊണ്ടത്രേ എന്റെ ആടുകൾ കവർച്ചയായിപ്പോകയും എന്റെ ആടുകൾ കാട്ടിലെ സകല മൃഗത്തിനും ഇരയായിത്തീരുകയും ചെയ്തത് എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നെ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്കകൊണ്ട്, ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കൈയിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്ന് അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നെ മേയിക്കയില്ല; എന്റെ ആടുകൾ അവർക്ക് ഇരയാകാതെയിരിക്കേണ്ടതിനു ഞാൻ അവയെ അവരുടെ വായിൽനിന്നു വിടുവിക്കും. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻതന്നെ എന്റെ ആടുകളെ തിരഞ്ഞുനോക്കും. ഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ തന്റെ ആട്ടിൻകൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തിൽ ചിതറിപ്പോയ സകല സ്ഥലങ്ങളിലുംനിന്ന് അവയെ വിടുവിക്കും. ഞാൻ അവയെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ച് ദേശങ്ങളിൽനിന്നു ശേഖരിച്ചു സ്വദേശത്തു കൊണ്ടുവന്നു യിസ്രായേൽമലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകല വാസസ്ഥലങ്ങളിലും മേയിക്കും. നല്ല മേച്ചൽപ്പുറത്തു ഞാൻ അവയെ മേയിക്കും; യിസ്രായേലിന്റെ ഉയർന്ന മലകൾ അവയ്ക്കു കിടപ്പിടം ആയിരിക്കും; അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും യിസ്രായേൽമലകളിലെ പുഷ്‍ടിയുള്ള മേച്ചൽപ്പുറത്തു മേയുകയും ചെയ്യും. ഞാൻ തന്നെ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. കാണാതെ പോയതിനെ ഞാൻ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും; എന്നാൽ കൊഴുത്തതിനെയും ഉരത്തതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ അവയെ മേയിക്കും.