യെഹെസ്കേൽ 22:23-30

യെഹെസ്കേൽ 22:23-30 MALOVBSI

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, നീ അതിനോടു പറയേണ്ടത്; ക്രോധദിവസത്തിൽ നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും. അതിന്റെ നടുവിൽ അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ട്; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹംപോലെ അവർ ദേഹികളെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളെയും വിലയേറിയ വസ്തുക്കളെയും അപഹരിച്ചുകൊണ്ട് അവർ അതിന്റെ നടുവിൽ വിധവമാരെ വർധിപ്പിക്കുന്നു. അതിലെ പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്ത് എന്റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവർ ശുദ്ധവും അശുദ്ധവും തമ്മിൽ വേർതിരിക്കുന്നില്ല; മലിനവും നിർമലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാൻ അവരുടെ മധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറച്ചുകളയുന്നു. അതിന്റെ നടുവിലെ പ്രഭുക്കന്മാർ ലാഭം ഉണ്ടാക്കേണ്ടതിന് ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു. അതിലെ പ്രവാചകന്മാർ വ്യാജം ദർശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ട് അവർക്കു കുമ്മായം തേക്കുന്നു. ദേശത്തിലെ ജനം ഞെരുക്കം ചെയ്കയും പിടിച്ചുപറിക്കയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കയും പരദേശിയെ അന്യായമായി പീഡിപ്പിക്കയും ചെയ്യുന്നു. ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നില്ക്കേണ്ടതിന് ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.