യെഹെസ്കേൽ 20:33-49

യെഹെസ്കേൽ 20:33-49 MALOVBSI

എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ജാതികളിൽനിന്നു പുറപ്പെടുവിക്കയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കയും ചെയ്യും. ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്ന് അവിടെവച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും. മിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവച്ച് നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. ഞാൻ നിങ്ങളെ കോലിൻകീഴെ കടത്തി നിയമത്തിന്റെ ബന്ധനത്തിൽ ഉൾപ്പെടുത്തും. എന്നോടു മത്സരിച്ച് അതിക്രമിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയും; അവർ ചെന്നു പാർക്കുന്ന രാജ്യത്തുനിന്ന് ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽദേശത്ത് അവർ കടക്കയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. യിസ്രായേൽഗൃഹമേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചെന്ന് ഓരോരുത്തൻ താന്താന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊൾവിൻ; എന്നാൽ പിന്നെത്തേതിൽ നിങ്ങൾ എന്റെ വാക്കു കേൾക്കും; എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെക്കൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല. എന്റെ വിശുദ്ധപർവതത്തിൽ യിസ്രായേലിന്റെ ഉന്നതപർവതത്തിൽ തന്നെ, യിസ്രായേൽഗൃഹമൊക്കെയും ഒട്ടൊഴിയാതെ അവിടെ ദേശത്തുവച്ച് എന്നെ സേവിക്കുമെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; അവിടെ ഞാൻ അവരെ സ്വീകരിക്കും; അവിടെ ഞാൻ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകല നിവേദ്യങ്ങളെയും ആഗ്രഹിക്കും. ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുമ്പോൾ ഞാൻ നിങ്ങളെ സൗരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാൻ ജാതികൾ കാൺകെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും. നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശമായ യിസ്രായേൽദേശത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. അവിടെവച്ച് നിങ്ങൾ നിങ്ങളുടെ വഴികളെയും നിങ്ങളെത്തന്നെ മലിനമാക്കിയ സകല ക്രിയകളെയും ഓർക്കും; നിങ്ങൾ ചെയ്ത സകല ദോഷവും നിമിത്തം നിങ്ങൾക്ക് നിങ്ങളോടു തന്നെ വെറുപ്പു തോന്നും. യിസ്രായേൽഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികൾക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികൾക്കു തക്കവണ്ണവുമല്ല, എന്റെ നാമംനിമിത്തംതന്നെ ഞാൻ നിങ്ങളോടു പ്രവർത്തിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ച് ദക്ഷിണദേശത്തോടു പ്രസംഗിച്ച് തെക്കേദിക്കിലെ കാട്ടിനോടു പ്രവചിച്ചു തെക്കുള്ള കാട്ടിനോടു പറയേണ്ടത്: യഹോവയുടെ വചനം കേൾക്ക; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിനക്കു തീ വയ്ക്കും; അതു നിന്നിൽ പച്ചയായുള്ള സകല വൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകല വൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാൽ കരിഞ്ഞുപോകും. യഹോവയായ ഞാൻ അതു കത്തിച്ചു എന്നു സകല ജഡവും കാണും; അതു കെട്ടുപോകയുമില്ല. അപ്പോൾ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, ഇവൻ മറപൊരുൾ അല്ലോ പറയുന്നത് എന്ന് അവർ എന്നെക്കുറിച്ചു പറയുന്നു എന്നു പറഞ്ഞു.