യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: ഇതിന്റെ അർഥം നിങ്ങൾ അറിയുന്നില്ലയോ എന്നു നീ ആ മത്സരഗൃഹത്തോടു ചോദിച്ചിട്ട് അവരോടു പറയേണ്ടത്: ബാബേൽരാജാവ് യെരൂശലേമിലേക്കു വന്ന് അതിന്റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ച് തന്നോടുകൂടെ ബാബേലിലേക്കു കൊണ്ടുപോയി; രാജസന്തതിയിൽ ഒരുത്തനെ അവൻ എടുത്ത് അവനുമായി ഒരു ഉടമ്പടി ചെയ്ത് അവനെക്കൊണ്ടു സത്യം ചെയ്യിച്ചു; രാജ്യം തന്നെത്താൻ ഉയർത്താതെ താണിരുന്ന് അവന്റെ ഉടമ്പടി പ്രമാണിച്ചു നിലനിന്നുപോരേണ്ടതിന്, അവൻ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി. എങ്കിലും അവനോടു മത്സരിച്ച് ഇവൻ തനിക്കു കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരേണമെന്നു പറവാൻ ദൂതന്മാരെ മിസ്രയീമിലേക്ക് അയച്ചു; അവൻ കൃതാർഥനാകുമോ? ഇങ്ങനെ ചെയ്യുന്നവൻ തെറ്റി ഒഴിയുമോ? അല്ല, അവൻ ഉടമ്പടി ലംഘിച്ചിട്ടു വഴുതിപ്പോകുമോ? എന്നാണ, അവനെ രാജാവാക്കിയ രാജാവിന്റെ സ്ഥലമായ ബാബേലിൽ, അവന്റെ അരികെ വച്ചുതന്നെ, അവൻ മരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; അവനോടു ചെയ്ത സത്യം അവൻ ധിക്കരിക്കയും അവനുമായുള്ള ഉടമ്പടി ലംഘിക്കയും ചെയ്തുവല്ലോ. ബഹുജനത്തെ നശിപ്പിച്ചുകളവാൻ തക്കവണ്ണം അവർ വാടകോരി കൊത്തളം പണിയുമ്പോൾ ഫറവോൻ മഹാസൈന്യത്തോടും വലിയ കൂട്ടത്തോടുംകൂടെ അവനുവേണ്ടി യുദ്ധത്തിൽ ഒന്നും പ്രവർത്തിക്കയില്ല. അവൻ ഉടമ്പടി ലംഘിച്ചു സത്യം ധിക്കരിച്ചിരിക്കുന്നു; അവൻ കൈയടിച്ചിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാൽ അവൻ ഒഴിഞ്ഞുപോകയില്ല. അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നാണ, അവൻ ധിക്കരിച്ചിരിക്കുന്ന എന്റെ സത്യവും ലംഘിച്ചിരിക്കുന്ന എന്റെ ഉടമ്പടിയും ഞാൻ അവന്റെ തലമേൽ വരുത്തും. ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കെണിയിൽ അകപ്പെടും; ഞാൻ അവനെ ബാബേലിലേക്കു കൊണ്ടുചെന്ന്, അവൻ എന്നോടു ചെയ്തിരിക്കുന്ന ദ്രോഹത്തെക്കുറിച്ച് അവിടെവച്ചു അവനോടു വ്യവഹരിക്കും. അവന്റെ ശ്രേഷ്ഠയോദ്ധാക്കളൊക്കെയും അവന്റെ എല്ലാ പടക്കൂട്ടങ്ങളും വാളാൽ വീഴും; ശേഷിപ്പുള്ളവരോ നാലു ദിക്കിലേക്കും ചിതറിപ്പോകും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തു എന്നു നിങ്ങൾ അറിയും.
യെഹെസ്കേൽ 17 വായിക്കുക
കേൾക്കുക യെഹെസ്കേൽ 17
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യെഹെസ്കേൽ 17:11-21
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ