യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, യഹോവയോട് അകന്നുനില്പിൻ! ഞങ്ങൾക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നത് എന്നല്ലോ യെരൂശലേംനിവാസികൾ, നിന്റെ ചാർച്ചക്കാരായ നിന്റെ സഹോദരന്മാരോടും ഒട്ടൊഴിയാതെ യിസ്രായേൽഗൃഹം മുഴുവനോടും പറയുന്നത്. അതുകൊണ്ടു നീ പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ദൂരത്തു ജാതികളുടെ ഇടയിലേക്കു നീക്കി രാജ്യങ്ങളിൽ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവർ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാൻ അവർക്കു കുറയകാലത്തേക്ക് ഒരു വിശുദ്ധമന്ദിരമായിരിക്കും. ആകയാൽ നീ പറയേണ്ടത്; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജാതികളിൽനിന്നു ശേഖരിച്ച്, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേർത്ത് യിസ്രായേൽദേശം നിങ്ങൾക്കു തരും. അവർ അവിടെവന്ന്, അതിലെ സകല മലിനബിംബങ്ങളെയും മ്ലേച്ഛവിഗ്രഹങ്ങളെയും അവിടെനിന്നു നീക്കിക്കളയും. അവർ എന്റെ ചട്ടങ്ങളിൽ നടന്ന് എന്റെ വിധികളെ പ്രമാണിച്ച് ആചരിക്കേണ്ടതിന് ഞാൻ അവർക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവർക്കു കൊടുക്കും. അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. എന്നാൽ തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ലേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവർക്ക് ഞാൻ അവരുടെ നടപ്പിനു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. അനന്തരം കെരൂബുകൾ ചിറകു വിടർത്തു; ചക്രങ്ങളും ചേർന്നുതന്നെ ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും മേലെ, അവയ്ക്കുമീതെ ഉണ്ടായിരുന്നു. യഹോവയുടെ മഹത്ത്വം നഗരത്തിന്റെ നടുവിൽനിന്നു മേലോട്ടു പൊങ്ങി നഗരത്തിനു കിഴക്കുവശത്തുള്ള പർവതത്തിന്മേൽ നിന്നു. എന്നാൽ ആത്മാവ് എന്നെ എടുത്ത്, ദർശനത്തിൽ ദൈവാത്മാവിനാൽ തന്നെ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കൽ കൊണ്ടു വന്നു; ഞാൻ കണ്ട ദർശനം എന്നെ വിട്ടു പൊങ്ങിപ്പോയി. ഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്റെ സകല വചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.
യെഹെസ്കേൽ 11 വായിക്കുക
കേൾക്കുക യെഹെസ്കേൽ 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യെഹെസ്കേൽ 11:14-25
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ