യഹോവ പിന്നെയും മോശെയോടു കല്പിച്ചത്, നീ ഫറവോന്റെ അടുക്കൽ ചെന്ന് അവനോടു പറയേണ്ടത് എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്ക. വിട്ടയപ്പാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ, യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആട് എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ വ്യാധി ഉണ്ടാകും. യഹോവ യിസ്രായേല്യരുടെ മൃഗങ്ങൾക്കും മിസ്രയീമ്യരുടെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം വയ്ക്കും; യിസ്രായേൽമക്കൾക്കുള്ള സകലത്തിലും ഒന്നും ചാകയില്ല. നാളെ യഹോവ ഈ കാര്യം ദേശത്തു ചെയ്യുമെന്നു കല്പിച്ചു സമയം കുറിച്ചിരിക്കുന്നു. അങ്ങനെ പിറ്റേ ദിവസം യഹോവ ഈ കാര്യം ചെയ്തു: മിസ്രയീമ്യരുടെ മൃഗങ്ങൾ എല്ലാം ചത്തു; യിസ്രായേൽമക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല. ഫറവോൻ ആളയച്ചു; യിസ്രായേല്യരുടെ മൃഗങ്ങൾ ഒന്നുപോലും ചത്തില്ല എന്നു കണ്ടു എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവൻ ജനത്തെ വിട്ടയച്ചതുമില്ല. പിന്നെ യഹോവ മോശെയോടും അഹരോനോടും: അടുപ്പിലെ വെണ്ണീർ കൈ നിറച്ചു വാരുവിൻ; മോശെ അതു ഫറവോന്റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ. അതു മിസ്രയീംദേശത്ത് എല്ലായിടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെമേലും മൃഗങ്ങളിന്മേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു. അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അത് ആകാശത്തേക്കു വിതറിയപ്പോൾ അതു മനുഷ്യരുടെമേലും മൃഗങ്ങളിന്മേലും പുണ്ണായി പൊങ്ങുന്ന പരുവായിത്തീർന്നു. പരുനിമിത്തം മന്ത്രവാദികൾക്കു മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാ മിസ്രയീമ്യർക്കും ഉണ്ടായിരുന്നു. എന്നാൽ യഹോവ മോശെയോട് അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
പുറപ്പാട് 9 വായിക്കുക
കേൾക്കുക പുറപ്പാട് 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറപ്പാട് 9:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ