പുറപ്പാട് 4:1-15

പുറപ്പാട് 4:1-15 MALOVBSI

അതിനു മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്ക് കേൾക്കാതെയും, യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു. യഹോവ അവനോട്: നിന്റെ കൈയിൽ ഇരിക്കുന്നത് എന്ത് എന്നു ചോദിച്ചു. ഒരു വടി എന്ന് അവൻ പറഞ്ഞു. അതു നിലത്തിടുക എന്നു കല്പിച്ചു. അവൻ നിലത്തിട്ടു; അത് ഒരു സർപ്പമായിത്തീർന്നു; മോശെ അതിനെ കണ്ട് ഓടിപ്പോയി. യഹോവ മോശെയോട്: നിന്റെ കൈ നീട്ടി അതിനെ വാലിനു പിടിക്ക എന്നു കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അത് അവന്റെ കൈയിൽ വടിയായിത്തീർന്നു. ഇത് അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്ന് അവർ വിശ്വസിക്കേണ്ടതിന് ആകുന്നു. യഹോവ പിന്നെയും അവനോട്: നിന്റെ കൈ മാർവിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ മാർവിടത്തിൽ ഇട്ടു; പുറത്ത് എടുത്തപ്പോൾ കൈ ഹിമംപോലെ വെളുത്തു കുഷ്ഠം ഉള്ളതായി കണ്ടു. നിന്റെ കൈ വീണ്ടും മാർവിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ വീണ്ടും മാർവിടത്തിൽ ഇട്ടു, മാർവിടത്തിൽനിന്നു പുറത്തെടുത്തപ്പോൾ, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു. എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം അനുസരിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും. ഈ രണ്ട് അടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്റെ വാക്ക് കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്ത് ഒഴിക്കേണം; നദിയിൽനിന്നു കോരിയ വെള്ളം ഉണങ്ങിയ നിലത്തു രക്തമായിത്തീരും. മോശെ യഹോവയോട്: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു എന്നു പറഞ്ഞു. അതിന് യഹോവ അവനോട്: മനുഷ്യനു വായ് കൊടുത്തത് ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയത് ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്ന്, നീ സംസാരിക്കേണ്ടതു നിനക്ക് ഉപദേശിച്ചുതരും എന്ന് അരുളിച്ചെയ്തു. എന്നാൽ അവൻ: കർത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയയ്ക്കേണമേ എന്നു പറഞ്ഞു. അപ്പോൾ യഹോവയുടെ കോപം മോശെയുടെ നേരേ ജ്വലിച്ചു, അവൻ അരുളിച്ചെയ്തത്: ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവനു നല്ലവണ്ണം സംസാരിക്കാമെന്നു ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടുവരുന്നു. നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും. നീ അവനോടു സംസാരിച്ച് അവനു വാക്കു പറഞ്ഞു കൊടുക്കേണം. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടെ ഇരിക്കും. നിങ്ങൾ ചെയ്യേണ്ടുന്നത് ഉപദേശിച്ചു തരും.

പുറപ്പാട് 4:1-15 - നുള്ള വീഡിയോ