ബെസലേലും ഒഹൊലീയാബും വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്ക് യഹോവ കല്പിച്ചതുപോലെയൊക്കെയും സകല പ്രവൃത്തിയും ചെയ്‍വാൻ അറിയേണ്ടതിന് യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകല ജ്ഞാനികളും പ്രവൃത്തി ചെയ്യേണം. അങ്ങനെ മോശെ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ മനസ്സിൽ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയിൽ ചേരുവാൻ മനസ്സിൽ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി. വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്‍വാൻ യിസ്രായേൽമക്കൾ കൊണ്ടുവന്ന വഴിപാടൊക്കെയും അവർ മോശെയുടെ പക്കൽനിന്നു വാങ്ങി; എന്നാൽ അവർ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങളെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ വിശുദ്ധമന്ദിരത്തിന്റെ സകല പ്രവൃത്തിയും ചെയ്യുന്ന ജ്ഞാനികളൊക്കെയും താന്താൻ ചെയ്തുവന്ന പണി നിർത്തി വന്നു മോശെയോട്: യഹോവ ചെയ്‍വാൻ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു എന്നു പറഞ്ഞു. അതിനു മോശെ: പുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്റെ വഴിപാടുവകയ്ക്കു മേലാൽ പ്രവൃത്തി ചെയ്യേണ്ട എന്നു കല്പിച്ചു; അവർ അതു പാളയത്തിൽ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നതു നിർത്തലായി. കിട്ടിയ സാമാനങ്ങളോ സകല പ്രവൃത്തിയും ചെയ്‍വാൻ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു. പണി ചെയ്യുന്നവരിൽ ജ്ഞാനികളായ എല്ലാവരും പഞ്ഞിനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള പത്തു മൂടുശീലകൊണ്ടു തിരുനിവാസം ഉണ്ടാക്കി; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ട് അതിനെ ഉണ്ടാക്കി. ഓരോ മൂടുശീലയ്ക്ക് ഇരുപത്തെട്ടു മുഴം നീളവും ഓരോ മൂടുശീലയ്ക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; എല്ലാ മൂടുശീലകൾക്കും ഒരു അളവുതന്നെ. അഞ്ചു മൂടുശീല ഒന്നോടൊന്ന് ഇണച്ചു; മറ്റേ അഞ്ചു മൂടുശീലയും ഒന്നോടൊന്ന് ഇണച്ചു. അങ്ങനെ ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂലുകൊണ്ട് കണ്ണികൾ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെതന്നെ ഉണ്ടാക്കി. ഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കി; കണ്ണികൾ നേർക്കുനേരേ ആയിരുന്നു. അവൻ പൊന്നുകൊണ്ട് അമ്പതു കൊളുത്തും ഉണ്ടാക്കി; കൊളുത്തുകൊണ്ട് മൂടുശീലകളെ ഒന്നോടൊന്ന് ഇണച്ചു; അങ്ങനെ തിരുനിവാസം ഒന്നായിത്തീർന്നു. തിരുനിവാസത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമംകൊണ്ടുള്ള മൂടുശീലകൾ ഉണ്ടാക്കി, പതിനൊന്നു മൂടുശീലയായി അവയെ ഉണ്ടാക്കി. ഓരോ മൂടുശീലയ്ക്കു മുപ്പതു മുഴം നീളവും ഓരോ മൂടുശീലയ്ക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; മൂടുശീല പതിനൊന്നിനും ഒരു അളവുതന്നെ. അവൻ അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണച്ചു. ഇങ്ങനെ ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കി. കൂടാരം ഒന്നായിരിക്കേണ്ടതിന് അത് ഇണപ്പാൻ താമ്രംകൊണ്ട് അമ്പതു കൊളുത്തും ഉണ്ടാക്കി. ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു കൂടാരത്തിന് ഒരു പുറമൂടിയും അതിന്റെ മീതെ തഹശുതോൽകൊണ്ട് ഒരു പുറമൂടിയും അവൻ ഉണ്ടാക്കി.
പുറപ്പാട് 36 വായിക്കുക
കേൾക്കുക പുറപ്പാട് 36
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറപ്പാട് 36:1-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ