പുറപ്പാട് 32:1-20

പുറപ്പാട് 32:1-20 MALOVBSI

എന്നാൽ മോശെ പർവതത്തിൽനിന്ന് ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോട്: നീ എഴുന്നേറ്റ്, ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്ക് എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു. അഹരോൻ അവരോട്: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്കു പറിച്ച് എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ജനമൊക്കെയും തങ്ങളുടെ കാതിൽനിന്നു പൊൻകുണുക്കു പറിച്ച് അഹരോന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ അത് അവരുടെ കൈയിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷ വരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറഞ്ഞു. അഹരോൻ അതു കണ്ടാറെ അതിനു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവയ്ക്ക് ഒരു ഉത്സവം എന്നു വിളിച്ചുപറഞ്ഞു. പിറ്റന്നാൾ അവർ അതികാലത്ത് എഴുന്നേറ്റ് ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേറ്റു. അപ്പോൾ യഹോവ മോശെയോട്: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ വഷളാക്കിയിരിക്കുന്നു. ഞാൻ അവരോടു കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി നമസ്കരിച്ച് അതിനു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്ന് അരുളിച്ചെയ്തു. ഞാൻ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു. അതുകൊണ്ട് എന്റെ കോപം അവർക്കു വിരോധമായി ജ്വലിച്ച് ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജാതിയാക്കും എന്നും യഹോവ മോശെയോട് അരുളിച്ചെയ്തു. എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു പറഞ്ഞത്: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിനു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നത് എന്ത്? മലകളിൽവച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിനായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നത് എന്തിന്? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിനു വരുവാനുള്ള ഈ അനർഥത്തെക്കുറിച്ച് അനുതപിക്കേണമേ. നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശമൊക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടുതന്നെ അവരോടു സത്യം ചെയ്തുവല്ലോ. അപ്പോൾ യഹോവ തന്റെ ജനത്തിനു വരുത്തും എന്നു കല്പിച്ച അനർഥത്തെക്കുറിച്ച് അനുതപിച്ചു. മോശെ തിരിഞ്ഞ് പർവതത്തിൽനിന്ന് ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കൈയിൽ ഉണ്ടായിരുന്നു. പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു. പലക ദൈവത്തിന്റെ പണിയും പലകയിൽ പതിഞ്ഞ എഴുത്ത് ദൈവത്തിന്റെ എഴുത്തുമായിരുന്നു. ജനം ആർത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോൾ അവൻ മോശെയോട്: പാളയത്തിൽ യുദ്ധഘോഷം ഉണ്ട് എന്നു പറഞ്ഞു. അതിന് അവൻ: ജയിച്ച് ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാൻ കേൾക്കുന്നത് എന്നു പറഞ്ഞു. അവൻ പാളയത്തിനു സമീപിച്ചപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു; അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു; അവൻ പലകകളെ കൈയിൽനിന്ന് എറിഞ്ഞു പർവതത്തിന്റെ അടിവാരത്തുവച്ചു പൊട്ടിച്ചുകളഞ്ഞു. അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്ത് തീയിൽ ഇട്ടു ചുട്ട് അരച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽമക്കളെ കുടിപ്പിച്ചു.

പുറപ്പാട് 32:1-20 - നുള്ള വീഡിയോ