പുറപ്പാട് 13:1-16

പുറപ്പാട് 13:1-16 MALOVBSI

യഹോവ പിന്നെയും മോശെയോട്: യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിനെയൊക്കെയും എനിക്കായി ശുദ്ധീകരിക്ക; അത് എനിക്കുള്ളത് ആകുന്നു എന്നു കല്പിച്ചു. അപ്പോൾ മോശെ ജനത്തോടു പറഞ്ഞത്: നിങ്ങൾ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഓർത്തുകൊൾവിൻ; യഹോവ ബലമുള്ള കൈകൊണ്ടു നിങ്ങളെ അവിടെനിന്നു പുറപ്പെടുവിച്ചു; അതുകൊണ്ടു പുളിപ്പുള്ള അപ്പം തിന്നരുത്. ആബീബ് മാസം ഈ തീയതി നിങ്ങൾ പുറപ്പെട്ടു പോന്നു. എന്നാൽ കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായി യഹോവ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്കു നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തിൽ ഈ കർമം ആചരിക്കേണം. ഏഴു ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം യഹോവയ്ക്ക് ഒരു ഉത്സവം ആയിരിക്കേണം. ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുത്; നിന്റെ അതിർക്കകത്തെങ്ങും പുളിച്ച മാവും കാണരുത്. ഞാൻ മിസ്രയീമിൽനിന്നു പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നത് എന്നു നീ ആ ദിവസത്തിൽ നിന്റെ മകനോട് അറിയിക്കേണം. യഹോവയുടെ ന്യായപ്രമാണം നിന്റെ വായിൽ ഉണ്ടായിരിക്കേണ്ടതിന് ഇതു നിനക്കു നിന്റെ കൈയിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ ജ്ഞാപകലക്ഷ്യമായും ഇരിക്കേണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ നിന്നെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചത്. അതുകൊണ്ട് നീ ആണ്ടുതോറും നിശ്ചയിക്കപ്പെട്ട സമയത്ത് ഈ ചട്ടം ആചരിക്കേണം. യഹോവ നിന്നോടും നിന്റെ പിതാക്കന്മാരോടും സത്യം ചെയ്തതുപോലെ നിന്നെ കനാന്യരുടെ ദേശത്തു കൊണ്ടുചെന്ന് അതു നിനക്കു തരുമ്പോൾ കടിഞ്ഞൂലിനെയൊക്കെയും, നിനക്കുള്ള മൃഗങ്ങളുടെ കടിഞ്ഞൂൽപ്പിറവിയെയൊക്കെയും നീ യഹോവയ്ക്കായി വേർതിരിക്കേണം; ആണൊക്കെയും യഹോവയ്ക്കുള്ളതാകുന്നു. എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെയൊക്കെയും ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം; അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയേണം. നിന്റെ പുത്രന്മാരിൽ ആദ്യജാതനെയൊക്കെയും നീ വീണ്ടുകൊള്ളേണം. എന്നാൽ ഇത് എന്ത് എന്നു നാളെ നിന്റെ മകൻ നിന്നോടു ചോദിക്കുമ്പോൾ: യഹോവ ബലമുള്ള കൈകൊണ്ട് അടിമവീടായ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചു; ഫറവോൻ കഠിനപ്പെട്ടു ഞങ്ങളെ വിട്ടയയ്ക്കാതിരുന്നപ്പോൾ യഹോവ മിസ്രയീംദേശത്തു മനുഷ്യന്റെ കടിഞ്ഞൂൽമുതൽ മൃഗത്തിന്റെ കടിഞ്ഞൂൽവരെയുള്ള കടിഞ്ഞൂൽപ്പിറവിയെയൊക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ടു കടിഞ്ഞൂലായ ആണിനെയൊക്കെയും ഞാൻ യഹോവയ്ക്കു യാഗം അർപ്പിക്കുന്നു; എന്നാൽ എന്റെ മക്കളിൽ കടിഞ്ഞൂലിനെയൊക്കെയും ഞാൻ വീണ്ടുകൊള്ളുന്നു. ഇതു നിന്റെ കൈയിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.

പുറപ്പാട് 13:1-16 - നുള്ള വീഡിയോ