അപ്പോൾ അവൻ മോശെയെയും അഹരോനെയും രാത്രിയിൽ വിളിപ്പിച്ചു: നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേറ്റ് എന്റെ ജനത്തിന്റെ നടുവിൽനിന്നു പുറപ്പെട്ട്, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിൻ. നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപൊയ്ക്കൊൾവിൻ; എന്നെയും അനുഗ്രഹിപ്പിൻ എന്നു പറഞ്ഞു. മിസ്രയീമ്യർ ജനത്തെ നിർബന്ധിച്ചു വേഗത്തിൽ ദേശത്തുനിന്ന് അയച്ചു: ഞങ്ങൾ എല്ലാവരും മരിച്ചുപോകുന്നു എന്ന് അവർ പറഞ്ഞു. അതുകൊണ്ടു ജനം കുഴച്ച മാവു പുളിക്കുന്നതിനു മുമ്പേ തൊട്ടികളോടുകൂടെ ശീലകളിൽ കെട്ടി ചുമലിൽ എടുത്തു കൊണ്ടുപോയി. യിസ്രായേൽമക്കൾ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. യഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നിച്ചതുകൊണ്ട് അവർ ചോദിച്ചതൊക്കെയും അവർ അവർക്കു കൊടുത്തു; അങ്ങനെ അവർ മിസ്രയീമ്യരെ കൊള്ളയിട്ടു. എന്നാൽ യിസ്രായേൽമക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാർ കാൽനടയായി റമെസേസിൽനിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു. വലിയൊരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടുകൂടെ പോന്നു. മിസ്രയീമിൽനിന്നു കൊണ്ടു പോന്ന കുഴച്ചമാവുകൊണ്ട് അവർ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ മിസ്രയീമിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളകയാൽ അതു പുളിച്ചിരുന്നില്ല; അവർ വഴിക്ക് ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല. യിസ്രായേൽമക്കൾ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റിമുപ്പതു സംവത്സരമായിരുന്നു. നാനൂറ്റിമുപ്പതു സംവത്സരം കഴിഞ്ഞിട്ട്, ആ ദിവസംതന്നെ, യഹോവയുടെ ഗണങ്ങളൊക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു. യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചതിനാൽ ഇത് അവനു പ്രത്യേകമായി ആചരിക്കേണ്ടുന്ന രാത്രി ആകുന്നു; ഇതുതന്നെ യിസ്രായേൽമക്കളൊക്കെയും തലമുറതലമുറയായി യഹോവയ്ക്കു പ്രത്യേകം ആചരിക്കേണ്ടുന്ന രാത്രി.
പുറപ്പാട് 12 വായിക്കുക
കേൾക്കുക പുറപ്പാട് 12
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറപ്പാട് 12:31-42
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ