എസ്ഥേർ 9:5-12

എസ്ഥേർ 9:5-12 MALOVBSI

യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെയൊക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു; തങ്ങളെ പകച്ചവരോടു തങ്ങൾക്കു ബോധിച്ചതുപോലെ പ്രവർത്തിച്ചു. ശൂശൻരാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറ് പേരെ കൊന്നുമുടിച്ചു. പർശൻദാഥാ, ദല്ഫോൻ, അസ്പാഥാ, പോറാഥാ, അദല്യാ, അരീദാഥാ, പർമസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവർ കൊന്നുകളഞ്ഞു. എന്നാൽ കവർച്ചയ്ക്ക് അവർ കൈ നീട്ടിയില്ല. ശൂശൻരാജധാനിയിൽ അവർ കൊന്നവരുടെ സംഖ്യ അന്നുതന്നെ രാജസന്നിധിയിൽ കൊണ്ടുവന്നു. അപ്പോൾ രാജാവ് എസ്ഥേർരാജ്ഞിയോട്: യെഹൂദന്മാർ ശൂശൻരാജധാനിയിൽ അഞ്ഞൂറ് പേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നുമുടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്ത്? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്ത്? അതു നിവർത്തിച്ചു തരാം എന്നു പറഞ്ഞു.