എസ്ഥേർ 9:1-10

എസ്ഥേർ 9:1-10 MALOVBSI

ആദാർമാസമായ പന്ത്രണ്ടാം മാസം പതി മൂന്നാം തീയതി രാജാവിന്റെ കല്പനയും തീർപ്പും നടത്തുവാൻ അടുത്തപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരേ പ്രാബല്യം പ്രാപിക്കും എന്ന് ആശിച്ചതും നേരേ മറിച്ച് യെഹൂദന്മാർക്കു തങ്ങളുടെ വൈരികളുടെ നേരേ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തിൽത്തന്നെ അഹശ്വേരോശ്‍രാജാവിന്റെ സകല സംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോട് ദോഷം ചെയ്‍വാൻ ഭാവിച്ചവരെ കൈയേറ്റം ചെയ്യേണ്ടതിന് ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയും മേൽ വീണിരുന്നതുകൊണ്ട് ആർക്കും അവരോട് എതിർത്തുനില്പാൻ കഴിഞ്ഞില്ല. സകല സംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യക്കാരൻമാരും മൊർദ്ദെഖായിയെയുള്ള പേടി അവരുടെ മേൽ വീണിരുന്നതുകൊണ്ടു യെഹൂദന്മാർക്കു സഹായം ചെയ്തു. മൊർദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു; മൊർദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീർന്നതുകൊണ്ട് അവന്റെ കീർത്തി സകല സംസ്ഥാനങ്ങളിലും പരന്നു. യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെയൊക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു; തങ്ങളെ പകച്ചവരോടു തങ്ങൾക്കു ബോധിച്ചതുപോലെ പ്രവർത്തിച്ചു. ശൂശൻരാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറ് പേരെ കൊന്നുമുടിച്ചു. പർശൻദാഥാ, ദല്ഫോൻ, അസ്പാഥാ, പോറാഥാ, അദല്യാ, അരീദാഥാ, പർമസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവർ കൊന്നുകളഞ്ഞു. എന്നാൽ കവർച്ചയ്ക്ക് അവർ കൈ നീട്ടിയില്ല.